തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത്തിലെ ഓരോ ജില്ലയിലും 10 വീടുകൾ വീതം കേരളമാകെ 140 വീടുകൾ പൂർത്തീകരിച്ച് നൽകുന്ന വേൾഡ് പീസ് മിഷൻ പീസ് ഹോം പ്രോജക്റ്റിൻ്റെ ആദ്യ ഭവനം ജൂലൈ 27ന് കാട്ടാക്കട തൂങ്ങാംപാറ മാവ് വിളയിൽ ജ്ഞാനാംബികയ്ക്ക് നൽകി താക്കോൽദാന കർമ്മം ഡോ.സണ്ണി സ്റ്റീഫൻ നിർവഹിച്ചു. 2025 മാർച്ച് 9ന് തിരുവനന്തപുരം മാർത്തോമ ബിഷപ്പ് ഐസക് മാർ ഫിലോക്സിനോസ് തറക്കല്ലിട്ട് ആരംഭിച്ച ഭവന നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി.മൂന്ന് ബെഡ്റൂമോടു കൂടിയ ഭവനത്തിൻ്റെ നിർമ്മാണച്ചിലവ് യുഎസ് വേൾഡ് പീസ് മിഷൻ സ്പോൺസർ ചെയ്തതാണ്. വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് അംഗം ശ്രീ ഫിലിപ്പ് ജോസഫ്. സിജി ഫിലിപ്പ്. വേൾഡ് പീസ് മിഷൻ തിരുവനന്തപുരം മാനേജർ ബീന അജിത്ത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്യാമ, ഉഷശ്രീ മേനോൻ, ഷീല എബ്രഹാം, വിമൽ സ്റ്റീഫൻ ഭൂമിദാനം ചെയ്ത കുടുംബാംഗങ്ങൾ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.യുഎസ് വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നിന്ന് എത്തിച്ച വസ്ത്രങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു. ആദ്യ ഭവനത്തിന്റെ താക്കോൽദാനത്തിന് ശേഷം തിരുവനന്തപുരം വെമ്പായം പഞ്ചായത്തിൽ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപന കർമ്മം വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ്അംഗം ശ്രീ ഫിലിപ്പ് ജോസഫ് നിർവഹിച്ചു. വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ.സണ്ണി സ്റ്റീഫൻ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, മെമ്പർ രാഹുൽ താഴേക്കര മറ്റു വിവിധ സംഘടനകളുടെ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലുടനീളം ഇതേവരെ 4 ഭവനങ്ങൾ പൂർത്തിയാക്കി. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം (അഞ്ചൽ ) പത്തനംതിട്ട (കോന്നി), കോട്ടയം (കല്ലമ്പാറ) എന്നിവിടങ്ങളിലാണ് ഭവനങ്ങൾ പൂർത്തിയായത്.
ഡോ. അജു ഡാനിയേൽ കൊല്ലത്തും,ഡോ.വർഗീസ് ആന്റണി പത്തനംതിട്ടയിലും,ഫിലിപ്പ് ജോസഫ് കോട്ടയത്തും വീടുകളുടെ നിർമ്മാണ ചെലവുകൾ സ്പോൺസർ ചെയ്തു.
എറണാകുളം ഇടുക്കി മലപ്പുറം കണ്ണൂർ ജില്ലകളിൽ പുതിയ ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. 2026 ഡിസംബറിനു മുൻപ് 140 ഭവനങ്ങൾ പൂർത്തീകരിച്ച് നൽകുവാനുള്ള ദൗത്യത്തിലാണ് വേൾഡ് പീസ് മിഷൻ പ്രവർത്തകർ.
സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ, കുടുംബ പ്രശ്നങ്ങളുമായി വരുന്നവർക്ക് സൗജന്യ കൗൺസിലിംഗ് സൗകര്യം, വിവിധ ജില്ലകളിൽ, അന്നദാന പദ്ധതി, വിദ്യാഭ്യാസ ധനസഹായം, ചികിത്സാധന സഹായം, വിവാഹ ധനസഹായം, തുടങ്ങിയ ഒട്ടേറെ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങളിൽ വേൾഡ് പീസ് മിഷൻ സജീവമാണ്.
സ്നേഹ സാബു