കോഴിക്കോട്: തിരുനബി(സ്വ)യുടെ 1500-ാമത് ജന്മദിനത്തെ ഏറെ ആദരവോടെയും ആഘോഷത്തോടെയും വരവേൽക്കാൻ വിശ്വാസി സമൂഹം ഉത്സാഹിക്കണമെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്. മർകസ് മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുനബിയെ സ്നേഹിച്ചും അനുധാവനം ചെയ്തുമാണ് വിശ്വാസി ജീവിതം പൂർണമാകുന്നത്. അവിടുത്തെ ജന്മദിനത്തിൽ സന്തോഷിക്കേണ്ടതും ജീവിതമാതൃകകളും സന്ദേശങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതും വിശ്വാസികളുടെ കടമയാണ്. ആ അർഥത്തിൽ എല്ലാവിഭാഗം ജനങ്ങളെയും സ്പർശിക്കുംവിധം നാടുകളിലെങ്ങും പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ഉസ്താദ് പറഞ്ഞു.
പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, പി സി അബ്ദുല്ല മുസ്‌ലിയാർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബൂബക്കർ സഖാഫി പന്നൂർ ഹനീഫ് സഖാഫി ആനമങ്ങാട്, മൂസ സഖാഫി പാതിരമണ്ണ തുടങ്ങിയവർ സംബന്ധിച്ചു.