കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ് വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത് തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ പിതാവ് മനു പറഞ്ഞു. വീട്‌നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാൻ സമീപത്തായി മറ്റൊരു വീട് സർക്കാർ ചെലവിൽ വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. നിലവിലെ പഴകിയ വീട് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നൽകിയിരുന്നു.
മനുവിന്റെയും സുജാതയുടെയും മൂത്ത മകനായിരുന്നു. കുടുംബത്തെ സംരക്ഷിക്കുമെന്നും എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്നും ഉറപ്പുനൽകിയിരുന്നു.
ജൂലൈ 17നാണ് വിളന്തറ മനുഭവനിൽ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ സ്കൂളിൽ മരിച്ചത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. സൈക്കിൾ ഷെഡിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലായിരുന്നു.വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.