ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ് ഇതിഹാസങ്ങളായ സാക്ഷാൽ കോഹ്ലിയും എബിഡിയും ഉൾപ്പെടെ ഉള്ള താരങ്ങളാണ്. ഒരു സിം ഉണ്ടാക്കിയ പൊല്ലാപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഒരു സുപ്രഭാതത്തിൽ നിങ്ങളെ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോലിയും എബിഡി വില്ല്യേഴ്‌സും വിളിച്ചാൽ എന്ത് ചെയ്യും?. അത്തരം അത്യപ്പൂർവ നിമിഷങ്ങളിലൂടെയാണ് ഛത്തീസ്ഗഢ് സ്വദേശി മനീഷ് ബി.സി. കടന്നുപോയത്. മനീഷ് ഒരു പുതിയ സിം കാർഡ് എടുത്തതാണ് സംഭവങ്ങളുടെ തുടക്കം.
എടുത്തതാകട്ടെ ആർസിബി നായകൻ രജത് പട്ടിദാർ ഉപയോഗിച്ചിരുന്ന സിം കാർഡും. വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതോടെ ആർസിബി നായകന്റെ പ്രൊഫൈൽ ചിത്രം. പിന്നാലെ ഇതിഹാസങ്ങൾ ഉൾപ്പെടെയുള്ളവരുടെ കോളുകളും. ആദ്യം സുഹൃത്തുക്കൾ ഒരുക്കിയ പ്രാങ്കാണ് എന്ന് കരുതിയ മനീഷിന് പിന്നീട് പൊലീസ് എത്തിയപ്പോളാണ് സംഭവം ഒറിജിനലാണ് എന്ന് മനസിലായത്.
90 ദിവസം രജത് സിം ഉപയോഗിക്കാതിരുന്നതിനാലാണ് ടെലികോം നിയമനുസരിച്ച് സിം ഡീആക്ടിവേറ്റ് ചെയ്ത് ദാതാക്കൾ പുതിയ ഉപയോക്താവിന് നൽകിയത്. അങ്ങനെയാണ് പട്ടിദാറിന്റെ നമ്പറുള്ള സിം മനീഷിന്റെ കയ്യിലെത്തുന്നത്. രജത്തിന്റെ പരാതിയിൽ പൊലീസ് എത്തി സംഭവം വിശദികരിച്ചതോടെ സിം നൽകി പ്രശ്നം അവസാനിപ്പിച്ചിരിപ്പിക്കുകയാണ് മനീഷും സുഹൃത്തുക്കളും.
എന്നാൽ കടുത്ത കോഹ്ലി ആരാധകനായ മനീഷ് ഇപ്പോൾ കുറ്റബോധത്തിലാണ്. കാരണം മറ്റൊന്നുമല്ല തന്റെ ഇഷ്ട താരത്തോട് ആളറിയാതെ സംസാരിച്ചതിന്റെ വേദനയാണ് യുവാവിനെ അലട്ടുന്നത്.എങ്കിലും തന്റെ ചിരകാല സ്വപ്നം താൻ പോലും അറിയാതെ യാഥാർത്ഥ്യമായതിന്റെ സന്തോഷവും മനീഷിനുണ്ട്.
മനീഷ് തന്റെ ഗ്രാമത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ദിയോഭോഗിലെ ഒരു കടയില്‍ നിന്നാണ് പുതിയ ജിയോ സിം കാര്‍ഡ് വാങ്ങിയത്. നമ്പര്‍ സജീവമായതോടെ വിരാട് കോഹ്ലിയില്‍ നിന്നും എബി ഡിവില്ലിയേഴ്സില്‍ നിന്നും കോളുകള്‍ വന്നത് ഇവരെ അമ്പരപ്പിച്ചു. പക്ഷെ ഇതെല്ലാം കൂട്ടുകാരുടെ തമാശയാകും എന്ന് കരുതി ആദ്യം കാര്യമാക്കിയില്ല.
ജൂലൈ 15 നാണ് പട്ടിദാര്‍ വിളിക്കുന്നത്. ‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’ എന്ന് പറഞ്ഞതോടെ കാര്യം തലകീഴായി മറിഞ്ഞു. പ്രശ്നം പരിഹരിക്കാനായി പോലീസിനെ അയക്കുമെന്ന് പറഞ്ഞപ്പോഴാണ് ഇവര്‍ക്ക് കാര്യം മനസിലായത്. വൈകാതെ പൊലീസും എത്തി.
ടെലികോം നിയമമനുസരിച്ച് 90 ദിവസക്കാലം സിം പ്രവര്‍ത്തനരഹിതമാവുകയും അത് പുതിയൊരു ഉപഭോക്താവിന് നല്‍കുകയാണുണ്ടായതെന്ന് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് നേഹ സിന്‍ഹ പറഞ്ഞു. ആരുടെ ഭാഗത്തും നിയമപരമായ പ്രശ്നങ്ങളോ തെറ്റോ ഉണ്ടായിട്ടില്ല.
വിരാട് കോഹ്ലിയുമായി സംസാരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും,എ ബി ഡിവില്ലിയേഴ്സ് ഇംഗ്ലീഷിൽ സംസാരിച്ചത് മനസിലായില്ലെന്നും മനീഷും കൂട്ടുകാരും പറയുന്നു. ആർസിബി ആരാധകരായ തങ്ങൾക്ക് താരങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്നമായി തോന്നുന്നു എന്നാണ് യുവാക്കളുടെ പ്രതികരണം.