വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്ഥിരം വിസി നിയമനത്തില്‍ സുപ്രീംകോടതി അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. സർക്കാരിനാണെന്ന് വ്യക്തമായതോടെ, എന്തിനാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
ചാൻസലർ സ്വന്തം സെർച്ച് കമ്മിറ്റിയെ നിയമിച്ചെന്ന സർക്കാർ വാദത്തിനിടെയാണ് സുപ്രീംകോടതി പരാമർശം. സെര്‍ച്ച് കമ്മിറ്റി രൂപീകരണം എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ, ഭരണഘടനയും യുജിസി ചട്ടങ്ങളും അനുസരിച്ച് സര്‍ക്കാരിനാണ് ഇതിനുള്ള അധികരാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം നൽകി. എന്നാൽ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്കാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് അധികാരമെന്നായിരുന്നു അറ്റോര്‍ണി ജനറലിൻ്റെ വാദം.
പിന്നാലെയാണ് കമ്മിറ്റി സുപ്രീംകോടതി തന്നെ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരും ഗവര്‍ണറും നാല് പേരുകള്‍ വെച്ച് നൽകാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളില്‍ ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയില്ല. താല്‍ക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.