മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനമറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി സെപ്റ്റംബർ 10 വരെ സാവകാശം നൽകി.
കേസ് പരിഗണിക്കുന്നതിനിടയിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും കുറച്ചു സമയം കൂടി അനുവദിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി അധിക സമയം അനുവദിച്ചത്.കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 10 ന് തീരുമാനം അറിയിക്കണമെന്ന ഉത്തരവിട്ടത് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ തുടങ്ങിയവരാണ്.
ഈ വർഷം ജനുവരി 31നാണ് ആദ്യമായി കോടതി വായ്പ എഴുതിത്തള്ളലിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചത്. വായ്പ എഴുതി തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. എന്നാൽ വായ്പ എഴുതി തള്ളുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് അതിനുള്ള അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതോറിറ്റി അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ തീരുമാനം അറിയിക്കാനുമാണ് കോടതി നിർദേശിച്ചത്