രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം രാജ്യത്തിനുള്ള ദീപാവലി സമ്മാനമാണെന്ന് പറഞ്ഞു.
“ഈ ദീപാവലിക്ക്, ഞാന്‍ നിങ്ങള്‍ക്ക് ഇരട്ടി ദീപാവലി സമ്മാനമായി നല്‍കാന്‍ പോകുന്നു. ഈ ദീപാവലിയിൽ പൗരന്മാർക്ക് ഒരു വലിയ സമ്മാനം ലഭിക്കും… ഞങ്ങള്‍ അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ഇത് രാജ്യത്തുടനീളമുള്ള നികുതി ഭാരം കുറയ്ക്കും. ദീപാവലിക്ക് മുന്‍പുള്ള സമ്മാനം,” പ്രധാനമന്ത്രി മോദി പറഞ്ഞു.
എട്ട് വർഷം മുന്‍പാണ് സർക്കാർ വലിയ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരവധി നികുതികളും പ്രാദേശിക ലെവികളും ഉൾപ്പെടുത്തി ചരക്ക് സേവന നികുതി അവതരിപ്പിച്ചതിനെക്കുറിച്ച് മോദി പരമാർശിച്ചു. രാജ്യത്തുടനീളമുള്ള നികുതി ഭാരം സർക്കാർ കുറയ്ക്കുകയും നികുതി പ്രക്രിയ ലളിതമാക്കുകയും ചെയ്തുവെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു.
2017 ജൂലൈ ഒന്നിന് ആണ് രാജ്യത്ത് ജിഎസ്‌ടി അവതരിപ്പിച്ചത്. പരോക്ഷ നികുതി വ്യവസ്ഥ എട്ട് വർഷം പൂർത്തിയാക്കിയ ശേഷം, ഈ മാറ്റങ്ങൾ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. അവലോകനത്തിനായി ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചു, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു. തുടർന്ന് സർക്കാർ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ തയ്യാറാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
“ഇത് സാധാരണക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ നികുതി ഗണ്യമായി കുറയ്ക്കും. നമ്മുടെ എംഎസ്എംഇകൾക്ക് ഇത് വലിയ നേട്ടമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും,” പ്രധാനമന്ത്രി മോദി പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി രാജ്യത്ത് ഉപയോഗിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. ലോകം യുപിഐയെ ഒരു അത്ഭുതമായാണ് കാണുന്നത്. ഇന്ന് ഇന്ത്യയിൽ മാത്രം 50 ശതമാനം തത്സമയ ഇടപാടുകളും യുപിഐ വഴി ചെയ്യാൻ കഴിയുന്നതായും മോദി കൂട്ടിച്ചേർത്തു.