സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാകിസ്ഥാനെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ്റെ ആണവ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും സിന്ധു നദീജല കരാറിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
“ഇക്കാര്യത്തിൽ പുനരാലോചന നടത്തില്ല. ഇക്കാര്യത്തിൽ ഒരു സമവായത്തിനുമില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്,” ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല ഉടമ്പടി ഒപ്പുവെച്ചത്. സിന്ധു നദീജലം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പങ്കിടുന്നതിനാണ് ഈ ഉടമ്പടി രൂപപ്പെടുത്തിയത്. എന്നാല്‍, ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്‍മാറി. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് നേരത്തെയും ഈ കാര്യത്തെ പരമാർശിച്ചത് മോദി പറഞ്ഞിരുന്നു.
സിന്ധു നദിയിലെ ജലം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് പാകിസ്ഥാനുമായി പങ്കിടുന്നതിനെ എതിർത്തു.
“സിന്ധു നദീജല കരാർ ഇന്ത്യയിലെ ജനങ്ങളോടുള്ള അനീതിയായിരുന്നു. നമ്മുടെ രാജ്യത്തെ കർഷകർ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ നമ്മുടെ ശത്രു രാജ്യം ഇന്ത്യയിലെ നദികളില്‍ നിന്നും ജലസേചനം നടത്തി. ഇനി ഇന്ത്യയുടെ ജലവിഹിതത്തിന്മേലുള്ള അവകാശം ഇന്ത്യയ്ക്കും അതിന്റെ കർഷകർക്കും മാത്രമാണ്. കർഷകരുടെ താൽപ്പര്യങ്ങളിലും ദേശീയ താൽപ്പര്യങ്ങളിലും ഒരു വിട്ടുവീഴ്ച ഞങ്ങൾക്ക് സ്വീകാര്യമല്ല,” മോദി പറഞ്ഞു.
ജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തെ എതിർത്ത പാകിസ്ഥാന്‍, ഉടമ്പടിയുടെ പുനരാരംഭിക്കണമെന്ന് അടുത്തിടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ, സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നും പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ ഭീഷണിയും മുഴക്കി. യുഎസിന്റെ മണ്ണില്‍ വെച്ചായിരുന്നു അസിം മുനീറിന്റെ ഈ ഭീഷണി. ഇതിനുള്ള മറുപടി കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര ദിന പ്രസംഗം.