ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓപ്പണറും ഇന്ത്യയുടെ അണ്ടർ 19 താരവുമായ വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മലയാളി താരം സഞ്ജു സാംസണെ ഓപ്പണറുടെ റോളിൽ പരിഗണിക്കാനും അദ്ദേഹം തയ്യാറായില്ലെന്നതാണ് ഇതിൽ ശ്രദ്ധേയം.
“ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ എന്ന നിലയിൽ എൻ്റെ ആദ്യത്തെ ചോയ്സ് അഭിഷേക് ശർമയാണ്. പിന്നീടുള്ള ഒരു സ്ഥാനത്തേക്ക് രണ്ട് പേരുകൾ നിർദേശിക്കാനുണ്ട്. ഒരെണ്ണം സായ് സുദർശനാണ്. രണ്ടാമത്തെ ആൾ വൈഭവ് സൂര്യവംശിയാണ്. ശുഭ്മാൻ ഗില്ലിനെ പകരക്കാരൻ്റെ റോളിലും വെക്കും. ഞാനായിരുന്നു ഇന്ത്യൻ ടീമിൻ്റെ സെലക്ടറെങ്കിൽ, ഉറപ്പായും വൈഭവ് സൂര്യവംശി എൻ്റെ 15 അംഗ ടീമിൽ ഉണ്ടായിരുന്നേനെ,” കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.
വൈഭവ് സൂര്യവംശിയെ ഏഷ്യ കപ്പിനുള്ള 15 അംഗ ടീമിലേക്ക് പരിഗണിക്കണമെന്ന് ചീഫ് സെലക്ടറായ അജിത് അഗാർക്കർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കുടമയാണ് വൈഭവ്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തുകളിൽ നിന്നാണ് രാജസ്ഥാൻ്റെ കൗമാര ഓപ്പണർ ഞെട്ടിക്കുന്ന ശതകം നേടിയത്.