സുപ്രീം കോടതി മുൻ ജഡ്‌ജിയും ആന്ധ്രാ സ്വദേശിയുമായ ബി. സുദർശൻ റെഡ്ഡിയെയാണ് ഇൻഡ്യാ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തത്. തൃണമൂൽ കോൺഗ്രസാണ് സുദർശൻ റെഡ്ഡിയുടെ പേര് നിർദേശിച്ചത്.
1946 ജൂലൈ 8നാണ് ബി. സുദർശൻ റെഡ്ഡിയുടെ ജനനം. 1995 മെയ് 2ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്‌ജിയായി നിയമിതനായി. 2005 ഡിസംബർ 5ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2007ലാണ് അദ്ദേഹം സുപ്രീം കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. തുടർന്ന് 2011 ൽ വിരമിച്ചു. 2013 മാര്‍ച്ച് ഗോവയിലെ ആദ്യ ലോകായുക്തയായി. ഒക്ടോബറോടെ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുകയും ചെയ്തു.
ന്യായാധിപനെ സ്ഥാനാർഥി ആക്കുന്നതിലൂടെ പ്രത്യയശാസ്ത്ര പോരാട്ടത്തിനാണ് സഖ്യം മുതിരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.രാജ്യം കണ്ട ഏറ്റവും പുരോഗമന മനോഭാവമുള്ള ന്യായാധിപരിൽ ഒരാളാണ് ബി. സുദർശൻ റെഡ്ഡി. സാമൂഹിക, സാമ്പത്തിക, സാമൂഹിക നീതിയുടെ ശക്തനും ധീരനുമായ പോരാളിയാണ്. ഇൻഡ്യാ സഖ്യം മുന്നോട്ട് വെയ്ക്കുന്നത് വെറും ഒരു മത്സരമല്ല, പ്രത്യയശാസ്ത്ര പോരാട്ടമെന്നും ഖാർഗെ പറഞ്ഞു.