ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. ബിസിസിഐയുടേയും ചീഫ് സെലക്ടർമാരുടേയും നേതൃത്വത്തിലുള്ള യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ ടീമിൻ്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കോച്ച് ഗൗതം ഗംഭീറിൻ്റേയും ചീഫ് സെലക്ടർ അജിത് അഗാർക്കറിൻ്റേയും പ്രിയപ്പെട്ടവനാണെങ്കിൽ കൂടിയും ഗില്ലിന് പകരം സൂര്യകുമാർ യാദവ് തന്നെയാകും നായകൻ്റെ വേഷത്തിലെത്തുക.
നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന സഞ്ജു സാംസൺ, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്ന് തന്നെയാണ് സൂചന. കഴിഞ്ഞ പരമ്പരയിൽ താരം നിറംമങ്ങിയിരുന്നു. പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവും രണ്ടാമത്തെ ചോയ്സായി ജിതേഷ് ശർമയും ടീമിലിടം നേടിയേക്കും. ആർസിബിക്കായി ഐപിഎല്ലിൽ തുടർന്ന മികച്ച ഫോമാണ് താരത്തിന് നറുക്കുവീഴാൻ കാരണമാകുകയെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, സൂര്യകുമാർ യാദവിന് പുറമെ ശ്രേയസ് അയ്യർ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ് എന്നിവർക്ക് ടീമിൽ ഉറപ്പായും സ്ഥാനം ലഭിക്കാനാണ് സാധ്യത.