പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായി ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയുമാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ പാലിയേക്കര ടോൾ പിരിവിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത്രയും മോശം റോഡ് ഉപയോഗിക്കാൻ എന്തിന് ടോൾ നൽകണമെന്നായിരുന്നു കേന്ദ്രത്തോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. സര്‍വീസ് റോഡുകള്‍ ശക്തിപ്പെടുത്തേണ്ട ചുമതല പിഎസ്ടി കമ്പനിക്കാണെന്നാണ് ടോള്‍ കരാറുകാര്‍ കോടതിക്ക് നല്‍കിയ മറുപടി.
എന്നാല്‍, ഇക്കാലമത്രയും ടോള്‍ പിരിച്ചില്ലേയെന്ന് കരാര്‍ കമ്പനിയോട് ചോദിച്ച സുപ്രീം കോടതി ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ ഇടക്കാല ഉത്തരവിനായി മാറ്റുകയായിരുന്നു.