ദിവസവും മണിക്കൂറുകളോളം ഇൻസ്റ്റഗ്രാം അല്ലെങ്കിൽ യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്ന റീൽ അഡിക്ട് ആണോ നിങ്ങൾ? എങ്കിലിതാ ഒരു സന്തോഷ വാർത്ത. പ്രതിദിനം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യുന്നവർക്കായി ജോലി അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള മോങ്ക് എൻ്റർടൈമെൻ്റ്സ്. കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ വിരാജ് ഷേട്ടാണ് ഇതുസംബന്ധിച്ച ജോബ് കോൾ ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചിരിക്കുന്നത്.
ജോലിക്കായി ‘ഡൂം സ്ക്രോളർ’മാരെ തിരയുന്നു എന്ന തലക്കെട്ടോടെയായിരുന്നു സിഇഒയുടെ ലിങ്ക്ഡ് ഇൻ പോസ്റ്റ്. മണിക്കൂറുകളോളം സ്‌ക്രീനിൽ നോക്കിയിരുന്ന് നെഗറ്റീവ് അല്ലെങ്കിൽ ഉത്കണ്ഠ ഉളവാക്കുന്ന കോണ്ടൻ്റുകൾ കണ്ടുകൊണ്ടിരിക്കുന്നവരെയാണ് ഡൂം-സ്ക്രോളർ എന്ന് വിളിക്കുന്നത്. അനന്തമായ ഫീഡ് അൽഗോരിതത്തിന്റെ ലൂപ്പിൽ കുടുങ്ങി, സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളെയും ഡൂം-സ്ക്രോളർ എന്ന് വിളിക്കാം
വിരാജ് ഷെത്ത് കഴിഞ്ഞ ആഴ്ച ലിങ്ക്ഡ്ഇനിലും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ജോലി അവസരം പങ്കുവെച്ചിരുന്നു. ഡൂം സ്ക്രോൾ ചെയ്ത് കോണ്ടൻ്റ് ക്രിയേറ്റർ ലോകത്തെ ഏറ്റവും പുതിയ വിവരങ്ങൾ വരെ അറിഞ്ഞിരിക്കുക- ഇതാണ് ജോലിക്ക് വേണ്ട പ്രധാന യോഗ്യത. ബാക്കി വേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഒന്നാമതായി, ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഏതൊരാളും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ദിവസം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സ്ക്രോൾ ചെയ്തിരിക്കണം. ഇത് വാക്കാൽ പറഞ്ഞാൽ മാത്രം പോര, സ്ക്രീൻ ടൈമിൻ്റെ സ്ക്രീൻഷോട്ടടക്കം പങ്കുവെച്ച് സ്ഥിരീകരിക്കണം.
അടുത്തതായി, ജോലിക്ക് അപേക്ഷിക്കുന്നവർ കോണ്ടൻ്റ് ക്രിയേറ്റേഴ്സിനോടും, ക്രിയേറ്റർ കൾച്ചറിനോടും അമിതമായി ആഭിമുഖ്യം പുലർത്തുന്നവരായിരിക്കണം, കൂടാതെ ഇൻസ്റ്റഗ്രാമിലെത്തുന്ന ഓരോ പുതിയ ക്രിയേറ്ററിനെയും കുറിച്ച് അറിവുണ്ടായിരിക്കണം. റെഡ്ഡിറ്റിൻ്റെ ഇൻസ്റ്റ സെലിബ്രറ്റി ഗോസിപ്പ് കമ്മ്യൂണിറ്റി ദിനപത്രം പോലെ വായിക്കുന്നവരായിരിക്കണം അപേക്ഷകർ. സ്ഥാനാർഥിക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ടായിരിക്കണമെന്നും എക്സൽ ഷീറ്റുകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണമെന്നും ലിങ്ക്ഡ് ഇൻ പോസ്റ്റിൽ പറയുന്നുണ്ട്. അതേസമയം ജോലിയുടെ ശമ്പളത്തെക്കുറിച്ച് വിരാജ് ഷേത്ത് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജോലി വളരെ മത്സരാധിഷ്ഠിതമായിരിക്കുമെന്ന സിഇഒ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
എന്തായാലും നിരവധി ഡൂം സ്ക്രോളർമാരാണ് വിരാജിൻ്റെ പോസ്റ്റിന് താഴെ കമൻ്റുമായെത്തിയിരിക്കുന്നത്. 19 മണിക്കൂർ സ്ക്രോൾ ചെയ്യുന്നവർക്ക് ജോലി ലഭിക്കുമോ? അതോ താൻ ഓവർ ക്വാളിഫൈഡ് ആണോ എന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ കമൻ്റ്. ഒരുകാലത്ത്, സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടുക എന്നത് ഒരു വെല്ലുവിളിയായിരുന്നങ്കിൽ ഇ്ന് അത് ഒരു ജോലി യോഗ്യതയായി മാറിയിരിക്കുകയാണെന്ന് മറ്റൊരു ഉപയോക്താവും കുറിച്ചു.