ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. മന്ത്രി എം.ബി.രാജേഷ് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ജയറാം അത്തം പതാക ഫ്‌ളാഗ് ഓഫ് ചെയ്യും. അത്തം നഗറില്‍ ഉയര്‍ത്താനുള്ള പതാക രാജകുടുംബാംഗങ്ങളില്‍ നിന്ന് തൃപ്പൂണിത്തുറ ചെയര്‍പേഴ്‌സണ്‍ ഏറ്റുവാങ്ങി.
ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ 9 മണിക്കാണ് മന്ത്രി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക. മന്ത്രി പി. രാജീവ് അത്ത പതാക ഉയര്‍ത്തും. നഗരം ചുറ്റിയുള്ള ഘോഷയാത്രയാണ് നടന്‍ ജയറാം ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇത്തവണ ഭിന്നശേഷി സൗഹൃദമാണ് അത്തച്ചമയം. ഭിന്നശേഷി വിദ്യാര്‍ഥികളാണ് ഉദ്ഘാടന വേദിയിലെ താരങ്ങള്‍. 300 ല്‍ അധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.
അത്തം ഘോഷയാത്രക്ക് ശേഷം വാക്കത്തോണും നടക്കും. 450 ലധികം പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുള്ളത്. രാവിലെ എട്ടുമണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ, വലിയ വാഹനങ്ങളും ബസുകളും തൃപ്പൂണിത്തുറയില്‍ പ്രവേശിക്കാതെ കരിങ്ങാച്ചിറ വഴിയും മിനി ബൈപ്പാസ് വഴിയും തിരിഞ്ഞു പോകണമെന്നും പൊലീസിന്റെ നിര്‍ദ്ദേശം ഉണ്ട്.