സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. ദിവസം തോറും യുപിഐ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതും അതുകൊണ്ടാണ്. നല്ലൊരു ശതമാനം പേരും ഓൺലൈനായി പേയ്മെന്റുകളാണ് തെരഞ്ഞെടുക്കുന്നത്. ഇതിനായി ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഇവ പേയ്മെന്റുകൾ നടത്താൻ സുരക്ഷിതവും സുഗമവുമായ മാർഗങ്ങൾ ആണെങ്കിലും ചെറിയ ഇടപാടുകൾ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം മറ്റൊരു സൗകര്യം ലഭ്യമാണ്. എന്താണെന്നല്ലെ? അതാണ് യുപിഐ ലൈറ്റ്.
2022ൽ അവതരിപ്പിക്കപ്പെട്ട സംവിധാനമാണ് യുപിഐ ലൈറ്റ്. ആർബിഐയുടെ അനുമതിയോടെയാണ് യുപിഐ ലൈറ്റ് കൊണ്ടുവന്നത്. ഗൂഗിൾ പേ, ഫോൺ പേ എന്നീ പ്ലാറ്റ്ഫോമുകളെല്ലാം യുപിഐ ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ കാര്യമായ അറിവില്ലാത്തതുമൂലം പലരും ഇത് ഉപയോഗപ്പെടുത്താറില്ല.
എന്താണ് യുപിഐ ലൈറ്റ്?
ലളിതമായ യുപിഐ പേയ്മെന്റ് സംവിധാനമാണ് ഇത്. വേഗത്തിലുള്ളതും തടസരഹിതവുമായ ചെറിയ തുകകളുടെ ഇടപാടുകൾക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രധാന യുപിഐ ആപ്പുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. യുപിഐ ആപ്പിനുള്ളിൽ ഒരു ഡിജിറ്റൽ വാലറ്റ് പോലെ പ്രവർത്തിക്കുന്നു, ഓരോ ഇടപാടിനും പ്രത്യേകമായി പാസ്വേഡ് നൽകാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപയോഗിക്കാം.
ചെറുതും വലുതുമായ എല്ലാത്തരം പണമിടപാടുകൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്ന ആളുകളുണ്ട്. എന്നാൽ ചെറിയ പേയ്മെന്റുകൾ നടത്താൽ യഥാർഥത്തിൽ ഏറെ സൗകര്യപ്രദമായിട്ടുള്ളത് ഗൂഗിൾ പേ ലൈറ്റ് പോലുള്ള ലൈറ്റ് യുപിഐ ഓപ്ഷനുകളാണ്. ഇതിൽ പേയ്മെന്റിനായി പാസ്വേഡ് നൽകേണ്ടതില്ല. അതിനാൽ വളരെ വേഗം ഇടപാടുകൾ നടത്താൻ സാധിക്കും.
യുപിഐ ലൈറ്റിനും ഇടപാട് പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസവും നാം നടത്തുന്ന ചെറിയ ചെറിയ ഇടപാടുകൾക്കായിട്ടാണ് ഈ പേയ്മെന്റ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഇതിൽ ഒരു തവണ അയ്ക്കാൻ കഴിയുന്ന പരമാവധി തുക 1000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.