ഇന്ത്യ അമേരിക്ക ബന്ധം വഷളാവുന്നതിനിടെ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശപര്യടനം. ഇന്ത്യാ-ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ടോക്കിയോയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് യാത്ര തിരിക്കും.
ജപ്പാനിലും ചൈനയിലും നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക, സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിനും. സമാധാനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനും തൻ്റെ ജപ്പാൻ, ചൈന സന്ദർശനം സഹായിക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു.
ഇന്ത്യാ ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്. ഇന്ത്യാ – ജപ്പാൻ സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർടണർഷിപ്പിൻ്റെ അടുത്ത ഘട്ടത്തിന് രൂപം നൽകുന്നതിൽ മോദി ശ്രദ്ധ കേന്ദ്രീകരിക്കും. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. എഐ, സെമികണ്ടകട്റുകൾ എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇരു നേതാക്കളും ചർച്ചകൾ നടത്തും. മോദിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ജപ്പാൻ്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദർശനം റദ്ദാക്കിയെന്നാണ് റിപ്പോർട്ട്.
ജപ്പാനിലെ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് യാത്ര തിരിക്കും. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഭീകരവാദം, വ്യാപാരം എന്നീ മേഖലകളിൽ ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടത്തും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ യുഎസ് നടപടിയും ചർച്ച ചെയ്യും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കത്തിൽ ഇന്ത്യ അമേരിക്ക ബന്ധം ഉലയുന്നതിനിടെയാണ് മോദി ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടുന്നത്. രാജ്യത്തിന് മേലുള്ള സാമ്പത്തിക സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ. തീരുവയുദ്ധത്തിനിടെയുള്ള മോദിയുടെ വിദേശപര്യടനം ഏറെ നിർണായകമാണ്.