യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്തുഷ്ടനല്ലെന്ന് വൈറ്റ് ഹൗസ്. “ആക്രമണത്തിൽ ട്രംപ് സന്തുഷ്ടനായിരുന്നില്ല, എന്നാൽ അദ്ദേഹം അത്ഭുതപ്പെട്ടില്ലെന്നും” വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടൽ ട്രംപ് നടത്തുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായത്.
വളരെക്കാലമായി യുദ്ധത്തിലായിരുന്ന രണ്ട് രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. അതുകൊണ്ട് തന്നെ റഷ്യയുടെ കീവ് ആക്രമണത്തിൽ ട്രംപിന് അത്ഭുതമില്ലെന്നും എന്നാൽ അദ്ദേഹം സന്തുഷ്ടനായിരുന്നില്ലെന്നും യുഎസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
“റഷ്യ കീവിനെതിരെ ആക്രമണം നടത്തി. നേരത്തെ റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ യുക്രെയ്നും ആക്രമണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളിലും സമാധാനം പുലരുന്നതിനായി ആരെക്കാളും ട്രംപ് കഠിനാധ്വാനം ചെയ്തിട്ടുണ്ട്”. എന്നാൽ അത് അവസാനിപ്പിക്കാൻ രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ ആഗ്രഹിക്കണമെന്നും ലീവിറ്റ് പറഞ്ഞു. ഈ വിഷയത്തിൽ മറ്റ് കാര്യങ്ങൾ ട്രംപ് പിന്നീട് പറയുമെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. യുക്രെയ്നിൽ റഷ്യ നടത്തിയ കടുത്ത വ്യോമാക്രണങ്ങളിൽ ഒന്നാണ് ഇതെന്നാണ് റിപ്പോർട്ട്. റഷ്യ ഏതാണ്ട് 629 ഡ്രോണുകളും 31 മിസൈലുകളും യുക്രെയ്ൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തൊടുത്തുവെന്നാണ് യുക്രെയ്ൻ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്.
യുഎസിൻ്റെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ തുടരുന്നതിനിടയിലാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ നിരവധി പ്രദേശങ്ങളിലെ ഊർജ്ജ സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.