സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാവും. സെപ്തംബർ എട്ട് മുതൽ 12 വരെയാണ് സംസ്ഥാന സമ്മേളനം. 41വർഷങ്ങൾക്ക് ശേഷമാണ് ആലപ്പുഴ സിപിഐ സമ്മേളനത്തിന് വേദിയാകുന്നത്. വെള്ളിയാഴ്ച ആലപ്പുഴ ബീച്ചിലാണ് പൊതുസമ്മേളനം.
പതിറ്റാണ്ടുകൾക്കിപ്പുറം സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദി ആകുന്നതിന്റെ ആവേശത്തിലാണ് ആലപ്പുഴ. ജൂലൈ മാസം മുതൽ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സെമിനാറുകളും ചർച്ചകളും മത്സരങ്ങളും അടക്കം നിരവധി പരിപാടികളാണ് സിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയായിരുന്നു സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിപാടികൾ ഏറെയും.
സംസ്ഥാന സമ്മേളനത്തിനായി ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ബുധനാഴ്ച കളർകോട് എസ്കെ കൺവെൻഷൻ സെന്ററിൽ വെച്ചാണ് പ്രതിനിധി സമ്മേളനം. അന്നേ ദിവസം നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രകാശ് രാജ് ആണ് മുഖ്യാതിഥി. 12ന് ആലപ്പുഴ ബീച്ചിലാണ് പൊതുസമ്മേളനം. സമ്മേളനത്തിന് വേണ്ടിയുള്ള ബഹുഭൂരിപക്ഷം തുകയും ആലപ്പുഴയിലെ പാർട്ടി പ്രവർത്തകരുടെ സംഭാവനയാണെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. ജില്ലാ സമ്മേളനങ്ങളിലേതിന് സമാനമായി സംസ്ഥാന സമ്മേളനത്തിലും സർക്കാരിനും സിപിഐഎമ്മിനും എതിരെ വിമർശനം ഉയരാനാണ് സാധ്യത.