ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് സുഹൈല്‍ അല്‍ ഹിന്ദി. ആക്രമണത്തില്‍ നിന്ന് നേതൃത്വം രക്ഷപ്പെട്ടെന്നും അല്‍ ഹിന്ദി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത നേതാക്കള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഗാസ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്നും ഹമാസ് നേതാവ് പറഞ്ഞു. ഒരിക്കലും ഒരു കരാറില്‍ എത്താതിരിക്കാനുള്ള ഇസ്രയേൽ ശ്രമമാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു.
ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇസ്രയേല്‍ അവകാശ വാദം. ദോഹയിലെ കത്താറ പ്രവിശ്യയിലാണ് പ്രധാനമായും ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായത്. ഐഡിഎഫ്, ഷിന്‍ബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമാണെന്നാണ് ഇസ്രയേല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസ് ചീഫ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ളവര്‍ ദോഹയില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം നടത്തിയെതന്നാണ് ഇസ്രയേല്‍ നടത്തുന്ന വിശദീകരണം.
ഖത്തറിലെ വ്യോമാക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍ രംഗത്തെത്തുകയും ചെയ്തു. ആക്രമണം ഒറ്റയ്ക്ക് നടപ്പാക്കിയതാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.
‘ഹമാസിന്റെ ഉന്നത ഉദ്യോഗകസ്ഥരെ ലക്ഷ്യം വെച്ച് നടത്തിയ സമ്പൂര്‍ണ സ്വതന്ത്ര ഇസ്രയേലി ഓപ്പറേഷനാണ് ഇന്ന് നടന്നത്. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ തന്നെ ഏറ്റടുക്കുന്നു,’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആക്രമണം സംബന്ധിച്ച് നേരത്തെ അറിവുണ്ടായിരുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ഒരു ”അവസാന മുന്നറിയിപ്പ്” നല്‍കുകയും ചെയ്തിരുന്നു. ആക്രമണത്തിന് മുമ്പ് ട്രംപിനെ ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച് അറിയിച്ചിരുന്നുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.