ലോകക്രമം മാറ്റിമറിച്ച ഭീകരാക്രമണത്തിന് ഇന്ന് 24 ആണ്ട്. 2001 സെപ്റ്റംബര്‍ 11നാണ് ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇരട്ടഗോപുരങ്ങളിലേക്കും വാഷിങ്ടണിലെ ജനവാസ മേഖലയിലേക്കും ഭീകരര്‍ റാഞ്ചിയ യാത്രാ വിമാനങ്ങള്‍ ഇടിച്ചിറക്കിയത്. മൂവായിരത്തിലേറെ ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെങ്കിലും മറ്റ് പ്രതികളെല്ലാം ഇപ്പോഴും തടവിലാണ്.
ആധുനിക ലോകം 9/11ന് മുന്‍പും ശേഷവും എന്ന രീതിയില്‍ ഈ ഒരൊറ്റ ആക്രമണത്തോടെ വിഭജിക്കപ്പെട്ടു. തങ്ങളുടെ മണ്ണില്‍ ആരും ആക്രമണം നടത്തില്ല എന്ന അമേരിക്കയുടെ അഹങ്കാരത്തിനും ആത്മവിശ്വാസത്തിനും ഏറ്റ അടിയായിരുന്നു ഈ ആക്രമണം. 19 അല്‍ ഖ്വയ്ദ ഭീകരര്‍ നാല് സ്വകാര്യ യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
അതിലാദ്യത്തേത്, ബോസ്റ്റണില്‍ നിന്നുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് 11 വിമാനമായിരുന്നു. രാവിലെ 8.46ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറില്‍ വിമാനം ഇടിച്ചു കയറി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്‍പ് 9.03ഓടെ കെട്ടിടത്തിന്റെ തെക്കേ ടവറിലേക്ക് ബോസ്റ്റണില്‍ നിന്നുള്ള മറ്റൊരു വിമാനമായ യുണൈറ്റഡ് എയര്‍ലൈന്‍സ് 175 വന്നിടിച്ചു. ഇതേസമയം 370 കിലോമീറ്റര്‍ അകലെ, ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രമായ പെന്റഗണിലേക്ക് 9:37ഓടെ അമേരിക്കന്‍ എയര്‍ലൈന്‍സ് 77 വിമാനവും ഇടിച്ചിറങ്ങി. നാലാമത് എയര്‍ലൈന്‍സ് 93 വിമാനമാണ് ഭീകരര്‍ റാഞ്ചിയത്. വിമാനം ലക്ഷ്യം കാണുന്നതിന് മുന്‍പ് 10.03ഓടെ പെന്‍സില്‍വാനിയയ്ക്കടുത്ത് പിറ്റ്‌സ്ബര്‍ഗില്‍ ഒരു പാടത്ത് തകര്‍ന്നുവീണു. പത്തുമണിയോടെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറും അരമണിക്കൂറിനു ശേഷം വടക്കന്‍ ഗോപുരവും വീണു. പുകയും പൊടിയും ചാരവും ന്യൂയോര്‍ക്കില്‍ മേഘങ്ങള്‍ പോലെ ഉയര്‍ന്നുപൊങ്ങി. 2750 പേര്‍ ന്യൂയോര്‍ക്കിലും, 184പേര്‍ പെന്റഗണിലും 40 പേര്‍ പെന്‍സില്‍വേനിയയിലും മരിച്ചെന്നാണു കണക്ക്. ആക്രമണത്തില്‍ 19 ഭീകരരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ സൂത്രധാരനായി അറിയപ്പെട്ടിരുന്നത് അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു. എന്നാല്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദ് എന്ന ഭീകരനായിരുന്നു യഥാര്‍ത്ഥ ബുദ്ധികേന്ദ്രം. 2003ല്‍ അറസ്റ്റിലായ ഖാലിദ് ഷെയ്ഖിനെ ഗ്വാണ്ടനാമോ ജയിലിലേക്ക് മാറ്റി. 1993ല്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഖാലിദ് ഷെയ്ഖിന്റെ കരങ്ങളുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. 2001 ഒക്ടോബര്‍ ഏഴിന് അമേരിക്ക തിരിച്ചടി തുടങ്ങി. 20 വര്‍ഷങ്ങളോളം നീണ്ട അഫ്ഗാന്‍ യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 മെയ് രണ്ടിന് പാകിസ്താനിലെ ആബട്ടാബാദിലുള്ള ഒളിസങ്കേതത്തിലുണ്ടായിരുന്ന ബിന്‍ ലാദനെ യു എസ് പ്രത്യേക സേന വധിച്ചു. റംസി ബിന്‍ അല്‍ ഷിബ് (49), വിലിദ് ബിന്‍ അട്ടാ, ഖാലിദ് ഷെയ്ഖിന്റെ ബന്ധു അമ്മര്‍ അല്‍ ബലൂച്, മുസ്തഫ അല്‍ ഹവ്‌സാവി എന്നിവരാണു മറ്റു പ്രതികള്‍.
അഫ്ഗാനിസ്ഥാന് പുറമെ ഇറാഖിലേക്കും, അതുപോലെ തന്നെ സിറിയയിലേക്കും, ലിബിയയും ഒക്കെ നടന്ന ആക്രമണങ്ങളിലേക്ക് നയിച്ച പ്രധാന കാരണം നൈന്‍ ഇലവണ്‍ അറ്റാക്ക് ആയിരുന്നു. ഇസ്ലാമോഫോബിയയുടെ തുടക്കവും ഈ ആക്രമണത്തില്‍ നിന്നാണെന്ന് പറയേണ്ടിവരും. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലിം വംശജര്‍ മാറ്റിനിര്‍ത്തപ്പെട്ട കാലം കൂടിയായിരുന്നു ഇത്. ലോകത്തിന്റെ ക്രമം ആകെ മാറിയ സംഭവമായി അങ്ങനെ ലോകവ്യാപാര സംഘടനയുടെ കെട്ടിടങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം മാറി. ഇന്നും അമേരിക്കന്‍ ജനതയും ലോകവും നടുക്കത്തോടെയും ഹൃദയം നുറുങ്ങുന്ന വേദനയോടെയുമാണ് ഈ ദിനത്തെ ഓര്‍ക്കുന്നത്.