ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ഇതോടെ നേപ്പാൾ അതിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ അധികാരമേൽക്കുന്നത്. ആരാണ് സുശീല കർക്കി? എന്തുകൊണ്ടാണ് ജെൻ സി ഇവരെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്?

ചീഫ് ജസ്റ്റിസ് മുതൽ പ്രധാനമന്ത്രി വരെ

രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാളല്ല 73കാരിയായ സുശീല കർക്കി. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് എന്ന നിലയിലാണ് അവർ പ്രശസ്തയാവുന്നത്. 2016 ജൂലൈ മുതൽ 2017 ജൂൺ വരെയായിരുന്നു സുശീല കർക്കി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമായിരുന്നു സുശീല കർക്കിയുടെ മുഖമുദ്ര. ആ നിലപാട് അവർക്ക് പ്രശംസയും എതിർപ്പും ഒരുപോലെ നേടിക്കൊടുത്തു.

അഴിമതിക്കും ദുർഭരണത്തിനുമെതിരായ ബഹുജന പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെ ‘സത്യസന്ധയായ നിയമജ്ഞ’ എന്ന നിലയിൽ സുശീല കർക്കിയുടെ പേര് പല തവണ ഉയർന്നുകേട്ടു. പ്രതിഷേധക്കാരിൽ വലിയൊരു വിഭാഗം അവരെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ട നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസുമായി സുശീല കർക്കിയെ താരതമ്യം ചെയ്തുകൊണ്ടും ആളുകൾ രംഗത്തെത്തി.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

1952ൽ നേപ്പാളിലെ ഒരു കർഷക കുടുംബത്തിലായിരുന്നു സുശീല കർക്കിയുടെ ജനനം. ഏഴ് മക്കളിൽ മൂത്തവളായി ജനിച്ച സുശീല കർക്കി, കിഴക്കൻ നേപ്പാളിലാണ് വളർന്നത്. നേപ്പാളിലെ ആദ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ്‌രാളയുമായി സുശീലയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.

സുശീല കർക്കി 1972ൽ മഹേന്ദ്ര മൊറാങ് ക്യാമ്പസിൽ നിന്ന് ബിരുദവും, 1975ൽ ഇന്ത്യയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. മൂന്ന് വർഷത്തിന് ശേഷം, 1978ൽ, കാഠ്മണ്ഡുവിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടി.

1985ൽ ധരണിലെ മഹേന്ദ്ര മൾട്ടിപ്പിൾ ക്യാമ്പസിൽ അസിസ്റ്റന്റ് ടീച്ചറായായിരുന്നു സുശീല അവരുടെ കരിയർ ആരംഭിച്ചത്. പിന്നാലെ 1979 മുതൽ ബിരത്‌നഗറിൽ നിയമ പ്രാക്ടീസിങ്ങും ആരംഭിച്ചു.

ജുഡീഷ്യൽ കരിയറും വിവാദവും

2009ൽ നേപ്പാൾ സുപ്രീം കോടതിയിൽ താൽക്കാലിക ജഡ്ജിയായി നിയമിതയായതോടെയാണ് നീതിന്യായ മേഖലയിൽ സുശീല കർക്കിയുടെ ഉയർച്ച ആരംഭിക്കുന്നത്. ഒരു വർഷത്തിനു ശേഷം, സ്ഥിരം ജഡ്ജിയായി സ്ഥിരപ്പെടുകയും 2016 ജൂലൈയോടെ അവർ ചീഫ് ജസ്റ്റിസ് എന്ന ഉന്നത പദവിയിലേക്ക് ഉയരുകയും ചെയ്തു.

2017 ഏപ്രിലിൽ, അന്നത്തെ ഭരണകക്ഷിയായ നേപ്പാളി കോൺഗ്രസിലെയും സിപിഎന്നിലെയും (മാവോയിസ്റ്റ് സെന്റർ) നിയമസഭാംഗങ്ങൾ അവർക്കെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം ഫയൽ ചെയ്തു. അഴിമതി വിരുദ്ധ നിരീക്ഷണ സംഘത്തിൻ്റെ മേധാവിയെ അയോഗ്യനാക്കിയ വിധിയിൽ പക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു നീക്കം. ഈ പ്രമേയത്തിന് പിന്നാലെ സുശീല കർക്കിയെ ഉടനടി സസ്‌പെൻഡ് ചെയ്തു.

എന്നാൽ സുശീല കർക്കിക്കെതിരായ നടപടി ഒട്ടും വൈകാതെ തിരിച്ചടിച്ചു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ചു കൊണ്ട് പൊതുജന പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. നേപ്പാൾ സുപ്രീം കോടതി തന്നെ ഇടപെട്ട് തുടർനടപടികൾ നിർത്തിവച്ചു. ഇംപീച്ച്‌മെന്റ് പ്രമേയം ആഴ്ചകൾക്കുള്ളിൽ പിൻവലിച്ച്, സുശീല കർക്കി ഒരു മാസത്തിനു ശേഷം തന്റെ സ്ഥാനത്തേക്ക് മടങ്ങി.

ഇന്ത്യയുമായുള്ള ബന്ധം

വാരണാസിയിലെ ബിഎച്ച്‌യുവിൽ വിദ്യാർഥിയായിരിക്കെയാണ് സുശീല കർക്കി, ദുർഗ പ്രസാദ് സുബേദിയെ കണ്ടുമുട്ടിയത്. പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. നേപ്പാളി കോൺഗ്രസിന്റെ യുവ നേതാവായിരുന്നു പ്രസാദ് സുബേദി, 1973 ജൂൺ 10ന് ആഭ്യന്തര നേപ്പാൾ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത നാടകീയ സംഭവത്തിൽ പ്രധാന പങ്കാളിയായിരുന്നു.

നേപ്പാളിലെ സ്റ്റേറ്റ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 4 ദശലക്ഷം നേപ്പാൾ രൂപ (അന്ന് ഏകദേശം 400,000 ഡോളർ) വഹിച്ചുകൊണ്ടിരുന്ന വിമാനം, ബീഹാറിലെ പൂർണിയ ജില്ലയിലെ ഫോർബ്‌സ്ഗഞ്ചിൽ നിർബന്ധിച്ച് ഇറക്കിയായിരുന്നു ഹൈജാക്കിങ്. ആ സമയത്ത് ഹിന്ദി ചലച്ചിത്ര നടി മാല സിൻഹയും വിമാനത്തിലുണ്ടായിരുന്നു.

ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടുകൾ പ്രകാരം, ഹൈജാക്കർമാർ പൈലറ്റിന് മുന്നിൽ പിസ്റ്റൾ കാണിച്ച് വിമാനം ഇന്ത്യയിലേക്ക് തിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ആളപായമൊന്നും ഉണ്ടായിരുന്നില്ല. പണമുള്ള മൂന്ന് പെട്ടികൾ ഇറക്കിയ ശേഷം വിമാനം യാത്ര തുടർന്നു.

ഈ പണം പിന്നീട് നാല് തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന ഗിരിജ പ്രസാദ് കൊയ്‌രാളയ്ക്ക് കൈമാറി. ഇയാൾ ഇന്ത്യയിൽ കാത്തിരിക്കുകയായിരുന്നു. രാജവാഴ്ചയ്‌ക്കെതിരായ നേപ്പാളി കോൺഗ്രസിന്റെ സായുധ പോരാട്ടത്തിനായി ആയുധങ്ങൾ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. വിമാനം റാഞ്ചാൻ നേതൃത്വം നൽകിയ പ്രസാദ് സുബേദിയെയും കൂട്ടാളികളെയും ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ അധികൃതർ അറസ്റ്റും ചെയ്തു.

ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്ക്

നേപ്പാളിൽ ആളിക്കത്തിയ യുവജന പ്രക്ഷോഭത്തിലാണ് സർക്കാർ തകർന്നത്. പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തുടർന്ന് നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തു. പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു.

സുശീല കാര്‍ക്കിക്ക് പുറമെ എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരുടെ പേരും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കാര്‍ക്കിയെ പിന്തുണച്ച് ബാലേൻ ഷാ അടക്കം പിന്നീട് രംഗത്തെത്തി.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img