പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. കോൺഗ്രസിന്റെ പ്രതാപകാലത്തിനിപ്പുറം രാജ്യത്ത് രൂപപ്പെട്ട രാഷ്ട്രീയ കാലാവസ്ഥയിൽ പകരക്കാരനില്ലാത്ത നേതൃത്വമാണ് മോദി. ഒരു ദശകത്തിലേറെയായി അനിഷേധ്യനായി തുടരുന്ന നരേന്ദ്ര മോദി ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും സുസ്ഥിരമായ രാജ്യ നേതൃത്വമാണ്. നാനാതരം വിയോജിപ്പുകൾ നേരിടുമ്പോഴും നേതൃമികവിലും പ്രഭാവത്തിലും സമകാലിക ഇന്ത്യയിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത തലപ്പൊക്കമുള്ള നേതാവാണ് നരേന്ദ്ര മോദി.
ഗുജറാത്തിലെ നരമേധങ്ങളുടെ പുരോഹിതൻ എന്ന് വിമർശിക്കപ്പെട്ട നേതാവ്. രണ്ടര പതിറ്റാണ്ടിനിപ്പുറം ജനസംഖ്യ 145 കോടി പിന്നിട്ട ഒരു മഹാരാഷ്ട്രത്തെ ലോകമഹാഭൂപടത്തിൽ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി. വൈരുദ്ധ്യത്തിന്റെ ഈ ദ്വന്തങ്ങൾക്കിടയിൽ അപ്രതീക്ഷിതവും അതിസാഹസികവുമായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ രാഷ്ട്രീയ യാത്ര.
1950 സെപ്റ്റംബർ 17ന് ഹീരാ ബെൻ – മുൽചന്ദ് മോദി ദമ്പതികളുടെ മകനായി ഗുജറാത്തിലെ വഡനഗറിൽ ജനനം. വഡനഗർ തീവണ്ടി സ്റ്റേഷനിലെ ചായസ്റ്റാളിൽ പിന്നിട്ട ബാല്യം. പഠനം പാതിവഴിയിലുപേക്ഷിച്ച് ആർഎസ്എസിനൊപ്പം ചേർന്ന് പൊതുജീവിതത്തിലേക്കിറങ്ങി. പിൻപറ്റിയ പ്രത്യയശാസ്ത്രത്തിലെ അചഞ്ചലമായ വിശ്വാസവും അസാധാരണ ആത്മവിശ്വാസവും 2001 ൽ ഗുജറാത്തിന്റെ ഭരണസാരഥ്യത്തോളം മോദിയെ കൊണ്ടുചെന്നെത്തിച്ചു. ആ വളർച്ച അവിടെ തീരുമെന്ന് പ്രവചിച്ചവർക്കെല്ലാം തെറ്റി. മോദിയെന്ന പ്രതിഭാസം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. തൊണ്ണൂറുകളിൽ ഗീഥാ പ്രസും ടെലിവിഷൻ രാമായണവും ദേവാലയ ധ്വംസനങ്ങളും ശിലാന്യാസത്തിന്റെ രാഷ്ട്രീയ പർവങ്ങളും ഉഴുതുമറിച്ചിട്ട ഹിന്ദുത്വ പ്രൊജക്ടിന്റെ പാതയിലൂടെ, രണ്ടായിരമാണ്ടുകളുടെ ആദ്യപാദത്തിൽ അധികാര ദുഷിപ്പുകൾക്കെതിരെ ജനത പൊട്ടിത്തെറിച്ച സമരതീക്ഷ്ണ ഘട്ടം രൂപപ്പെടുത്തിയ ഇടനാഴി താണ്ടി, ഹിന്ദുത്വ ഇന്ത്യൻ രാഷ്ട്രീയത്തിൽ വെട്ടിത്തുറന്ന പുത്തൻ പന്ഥാവിലൂടെ മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് അധികാരത്തിന്റെ രഥചക്രമുരുട്ടി.
2014ൽ പാർലമെന്റിന് മുമ്പിൽ തലകുമ്പിട്ട് കയറിയ ആ സംഭവബഹുല യാത്ര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2019ലും 24ലും രാജ്യാധികാരം മോദിയിലേക്ക് തന്നെയെത്തി. ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ കടിഞ്ഞാൺ സ്ഥാനം കയ്യാളി. കോൺഗ്രസ് പിന്നെയും ക്ഷയിച്ചു. മൂന്നാംചേരി ചിന്നഭിന്നമായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പകരക്കാരനില്ലാത്ത പ്രതിഭാസമായി മോദി മാറി. ഇക്കാലയളവിൽ എത്രയേറെ നാഴികക്കുറ്റികൾ, എത്രയോ വമ്പൻ തീരുമാനങ്ങൾ, ചരിത്രപരമായ ദശാസന്ധികൾ രാജ്യം പിന്നിട്ടു, രാജ്യത്തിൻ്റെ സാമൂഹിക ചിത്രം എത്രമേൽ മാറിമറിഞ്ഞു!
നോട്ട് നിരോധനം, ജിഎസ്‌ടി, സർജിക്കൽ സ്ട്രൈക്ക്, പൗരത്വഭേദഗതി, കശ്മീർ പുനഃക്രമീകരണം, അയോധ്യയിലെ ക്ഷേത്രം തുറക്കൽ, പുതിയ പാർലമെന്റിലെ ചെങ്കോൽ സ്ഥാപനം, ഓപ്പറേഷൻ സിന്ദൂർ… മോദി പ്രഭാവത്തിന്റെ ഇരുവശവും ആരാധകരും വിമർശകരും നിരന്നു. സകല വിമർശനങ്ങളേയും ഭേദിക്കാൻ മോദിക്കൊപ്പം പാർട്ടിയും പരിവാർ സംവിധാനവും അചഞ്ചലമായി നിലകൊണ്ടു. മോദിയുടെ അസാധാരണ നേതൃശേഷിയും സംഘടനയുടെ സമാനതകളില്ലാത്ത പ്രചാരണ സംവിധാനവും പരിമിതികളെ മഹാസാധ്യതകളാക്കി. ഒരേസമയം നരേന്ദ്ര മോദി രാഷ്ട്രതന്ത്രത്തിന്റേയും രാഷ്ട്രീയ കുതന്ത്രത്തിന്റേയും മഹാപുരോഹിതനായി.
ലോകം മോദിയെന്ന പേരിനോട് ചേർത്ത് രാജ്യത്തെ വായിക്കാൻ തുടങ്ങി. സംഘടനയിലും പുറത്തും വിമർശനങ്ങളേറെ നേരിട്ടിട്ടും തളർന്നില്ല. ഗുജറാത്ത് കലാപത്തിൻ്റെ നിലവിളികൾ നിലച്ചിട്ടില്ല, വിഭജനപ്രതീകമെന്ന പേര് തീർത്തും മറഞ്ഞിട്ടില്ല. എങ്കിലും എതിരെ ഉയരുന്ന രൂക്ഷ വിമർശനങ്ങളെ അതേ ആവൃത്തിയിൽ മോദി പൂമാലകളാക്കി മാറ്റുന്ന കാഴ്ച ഇന്ത്യൻ രാഷ്ട്രീയം എത്ര തവണ കണ്ടു. മോദിയുടെ ഊർജ്വസ്വലതയ്ക്ക് മുമ്പിൽ പ്രായം വെറും അക്കങ്ങളായി. ചൗക്കി ദാർ ചോർ ഹെ എന്നും ചായ് വാല എന്നും പ്രതിപക്ഷം പരിഹസിച്ചപ്പോൾ , ചൗക്കി ദാർ ഷേർ ഹെ എന്ന് അനുയായികൾ ആർത്തു വിളിച്ചു.
മൂന്നാം ടേമിൽ പാർലമെന്റിലെ അംഗബലം തെല്ല് ക്ഷയിച്ചെങ്കിലും ജനപ്രിയത കുറഞ്ഞെന്ന സർവേ ഫലങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും മോദി പ്രഭാവം രാജ്യത്ത് ഇന്നും തുടരുന്നു. ഇതിനിടയിലും എതിരാളികളുടെ പ്രതീക്ഷകളും പ്രവചനങ്ങളും തെറ്റിച്ച് ഇന്ദ്രപ്രസ്ഥത്തിൽ ഉൾപ്പെടെ അധികാരം പിടിച്ചെടുത്ത് മോദി തൻ്റെ നേതൃത്വപാടവം വീണ്ടും തെളിയിച്ചു .
ട്രംപിൻ്റെ തീരുവ ഭീഷണിക്കിടെ റഷ്യയേയും ചൈനയേയും കൂടെകൂട്ടാനുള്ള ശ്രമങ്ങൾക്ക് പ്രതിപക്ഷവും കയ്യടിച്ചു. പ്രതിസന്ധികാലത്തെ മോദി നയതന്ത്രം വാഴ്ത്തപ്പെട്ടു. വോട്ടു ചോരി ആരോപണത്തിലെ മൗനം വിമർശിക്കപ്പെട്ടു. ഈ കറുപ്പും വെളുപ്പും കളിക്കിടയിലും മോദി എന്ന പ്രതിഭാസം തുടരുന്നു. 75ആം വയസിൽ വിരമിച്ച് പുതിയവർക്ക് വഴിമാറണം എന്ന മാതൃസംഘടന ആർഎസ്എസിൻ്റെ നിർദേശം മഹാരഥൻമാരായ മുൻനേതാക്കൾക്കെല്ലാം ബാധകമായിരുന്നു. മോദിയും ഇതാ പ്രായത്തിന്റ ആ കടമ്പയ്ക്കൽ എത്തിനിൽക്കുന്നു. അങ്കത്തിന് ഇനിയും ബാല്യം ബാക്കിയെന്ന വാഴ്ത്തും വഴിമാറി വഴികാട്ടിയാകണം എന്ന നിർദ്ദേശവും മോദിക്ക് മുമ്പിൽ ഒരുപോലെ ഉയരുന്ന പിറന്നാളാണിത്.