ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയ ഇസ്രയേല്‍ നേതാക്കളെല്ലാം ഈ വംശഹത്യക്ക് ഉത്തരവാദികളാണെന്നും കണ്ടെത്തലില്‍ പറയുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മുന്‍ പ്രതിരോധ മന്ത്രിയുമൊക്കെ നടത്തിയ പ്രസ്താവനകളും ഉത്തരവുകളുമെല്ലാം വംശഹത്യയുടെ തെളിവുകളാണെന്ന് അധിനിവേശ പലസ്തീനെ കുറിച്ചുള്ള യുഎന്‍ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷ നവി പിള്ള പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേല്‍ നേതാക്കളുടെ പ്രസ്താവനകള്‍ക്കൊപ്പം, വംശഹത്യ ലക്ഷ്യമുള്ളതാണെന്ന കണ്ടെത്തലിലേക്ക് നയിച്ച സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ മുനമ്പിലെ പലസ്തീനികളെ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇസ്രയേല്‍ അധികാരികളും സുരക്ഷ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചെന്നാണ് കണ്ടെത്തല്‍.
യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിനെ ഇസ്രയേല്‍ തള്ളി. കണ്ടെത്തലുകള്‍ വ്യാജമാണെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടിന്റെ ‘രചയിതാക്കള്‍’ ഹമാസിന്റെ പ്രതിനിധികളാണെന്നും ഇസ്രയേല്‍ ആക്ഷേപിച്ചു.
റിപ്പോര്‍ട്ട് പൂര്‍ണമായും ഹമാസിന്റെ വ്യാജ പ്രചരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും വീണ്ടും വീണ്ടും പ്രചരിപ്പിച്ചതുമാണ്. വളച്ചൊടിച്ചതും തെറ്റായതുമായ റിപ്പോര്‍ട്ട് തള്ളക്കളയുന്നതായും അന്വേഷണ കമ്മീഷനെ ഉടന്‍ റദ്ദാക്കണമെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധിയായ ഡാനിയല്‍ മെറോണും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. വ്യാജവും അപകീര്‍ത്തികരവുമാണ് റിപ്പോര്‍ട്ടെന്ന് മെറോണ്‍ പ്രതികരിച്ചു.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച കരയുദ്ധം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇതിനകം 78 പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ കൂട്ടപ്പാലായനവും വര്‍ധിച്ചു. ഹമാസ് ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്നു പറഞ്ഞുള്ള ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രതിരോധമന്ത്രി രംഗത്തെത്തിയിരുന്നു. ദൗത്യം പൂര്‍ത്തിയാകാതെ പിന്മാറില്ലെന്നാണ് പ്രതിരോധമന്ത്രി എക്‌സില്‍ കുറിച്ചത്.