സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം ഇന്നു മുതൽ പ്രാബല്യത്തിൽ. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിർണായക പരിഷ്ടകരണമാണ് ഇന്നുമുതൽ നടപ്പിലാക്കുന്നത്. 2016ൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണ് ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ ജിഎസ്‌ടി ഘടന ഇന്ന് നിലവിൽ വരുമ്പോൾ പ്രധാനപ്പെട്ട ഉത്പന്നങ്ങളുടെ എല്ലാം വില മാറുകയാണ്. നവരാത്രിയുടെ ആദ്യ ദിവസം തന്നെ വിലക്കുറവിന്‍റെ മഹോൽസവം തുടങ്ങുന്നുവെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന.
പുതിയ പരിഷ്‌കരണം പ്രകാരം ഇന്നു മുതൽ പ്രധാന ജിഎസ് ടി സ്ലാബുകൾ രണ്ടെണ്ണം മാത്രമാണ്. അഞ്ചു ശതമാനവും 18 ശതമാനവും. മൂന്നാമതൊരു സ്ളാബുള്ളത് 40 ശതമാനത്തിന്‍റേതാണ്. അത് പുകയില ഉത്പന്നങ്ങളും പാനും പോലുള്ളവയ്ക്ക്. 5, 12, 18, 2 എന്നിങ്ങനെയായിരുന്നു മുന്നേയുണ്ടായ നികുതി സ്ലാബുകൾ. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴിൽ വരും. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഏറ്റവും പ്രധാനം. ഇതോടെ ലൈഫ് ആരോഗ്യ ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാ മരുന്നുകൾ എന്നിവ ജിഎസ്ടി ഒഴിവാക്കി.
പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ അടക്കമുള്ള നിരവധി ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടെയും വില സാധാരണക്കാർക്ക് താങ്ങാവുന്ന തരത്തിലാകും. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറയും. ബിസ്കറ്റ്, വെണ്ണ, നെയ്യ്, പനീർ, കുപ്പിവെള്ളം, സ്നാക്ക്സ്, ജ്യൂസ്, സൈക്കിൾ, തുണിയും ചെരിപ്പും, എസി, റഫ്രിജറേറ്റർ, ഡിഷ് വാഷേഴ്സ്, വലിയ ടിവി, സിമന്‍റ്, 1200 സിസിയിൽ താഴെയുള്ള കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കും വില കുറയും. നികുതി നിരക്കുകൾക്ക് അനുസരിച്ച് വ്യാപാരികൾ ബില്ലിങ് സോഫ്റ്റ് വെയറിൽ ഇന്നുമുതൽ മാറ്റം വരുത്തും.
ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിൻ്റെ വിലയിൽ ഒരു രൂപ കുറഞ്ഞു. കാറുകളുടെ വിലയിൽ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനികൾ. ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയിലും വലിയ മാറ്റമുണ്ടാകും. അതേസമയം പുകയില, സിഗരറ്റ് പോലെയുള്ള, മറ്റ് ആഡംബര വസ്തുക്കൾ, ലോട്ടറി എന്നിവയ്ക്ക് 40 ശതമാനമാകും ജിഎസ്ടി. ഈ മാറ്റം ഇന്ന് നിലവിൽ വരില്ല. ഇതിനായി പ്രത്യേക വിഞ്ജാപനമിറക്കും.
കുറഞ്ഞവിലയുടെ സ്റ്റിക്കർ ഉത്പന്നങ്ങളിൽ പതിക്കണം. വിലവിവരപ്പട്ടികയിൽ എഴുതി വയ്ക്കുകയും വേണം. നികുതി കുറയുന്ന ഉത്പന്നങ്ങൾക്ക് വില കുറച്ചില്ലെങ്കിൽ പരാതി നൽകാം. നിർമിക്കുന്ന സ്ഥാപനവും വിൽക്കുന്ന സ്ഥാപനവും നടപടി നേരിടേണ്ടി വരും. അതേസമയം, കാർബണേറ്റഡ് ഡ്രിങ്ക്സ്, സിഗരറ്റ്, ബീഡി, വലിയ ലക്ഷ്വറി കാറുകൾ, ഓൺലൈൻ ബെറ്റിങ്, പായ് വഞ്ചികൾ, സ്വകാര്യ വിമാനങ്ങൾ, റേസിങ് കാറുകൾ എന്നിവയ്ക്കാണ് വില കൂടുന്നത്.
കാർ വിപണി കുതിക്കും
ആഡംബരേതര വാഹന വിപണിയിലാണ് വലിയ മാറ്റം വരുന്നത്. മഹീന്ദ്ര കമ്പനി വൻവിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്.യു.വി. മോഡലുകൾക്കാണ് ഏറ്റവും വില കുറയുക. ബൊലേറോ നിയോ, താർ, സ്കോർപിയോ എന്നീ മോഡലുകൾക്ക് ഒന്നര ലക്ഷത്തിന് അടുത്ത് വില കുറയും. ടാറ്റ മോട്ടേഴ്സിൽ സഫാരി, ഹാരിയർ, നെക്സോൺ എന്നീ മോഡലുകൾക്ക് ഒരു ലക്ഷത്തി നാൽപ്പതിനായിരത്തോളം വില കുറയും. മാരുതി കാറുകൾക്ക് നാൽപ്പതിനായിരം മുതൽ എഴുപതിനായിരം രൂപ വരെയാണ് കുറയുക.