രസതന്ത്രത്തിൽ 2025 ലെ നൊബേൽ സമ്മാനം പങ്കിട്ട് മൂന്ന് ഗവേഷകർ. ജ സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമായിരുന്നു ഇവരുടെ നേതൃത്വത്തിൽ നടന്നത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമായിരുന്നു ഇവരുടേത്.
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്‌സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം. യാഗി. പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തതിനാണ് മൂന്ന് ശാസ്‌ത്രജ്ഞർക്കും അംഗീകാരം ലഭിച്ചത്. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്‌ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തന്മാത്ര ഘടന ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനും മൂന്ന് പേരാണ് അർഹരായത്. ക്വാണ്ടം മെക്കാനിക്‌സിനെ പുതിയ തലത്തിൽ എത്തിച്ചതിന് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് പുരസ്‌കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണമാണ് അംഗീകരം നേടിയത്.
1901-ൽ പുരസ്കാര വിതരണം ആരംഭിച്ചതിനുശേഷം, ഭൗതികശാസ്ത്രത്തിൽ 118 നൊബേൽ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അതിൽ 47 എണ്ണമാണ് ഒരാൾക്ക് മാത്രമായി ലഭിച്ചത്. 38 എണ്ണം മൂന്ന് പേർ പങ്കിട്ടു. ലോകമഹായുദ്ധങ്ങൾ കാരണം ആറ് വർഷത്തേക്ക് അവാർഡ് നൽകിയില്ല. ഇതുവരെ, 226 വ്യക്തികളെ പുരസ്കാരം ആദരിച്ചിട്ടുണ്ട്. 2025 ലെ നൊബേൽ സമ്മാന വിതരണം 2025 ഒക്ടോബർ 6 നാണ് ആരംഭിച്ചത്. ഒക്ടോബർ 13 ഓടെ പുരസ്കാര പ്രഖ്യാപനം അവസാനിക്കും.