ശബരിമലയിൽ ഒന്നരക്കോടിയുടെ പാത്രം അഴിമതി നടന്നെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ. ഒന്നരക്കോടിയുടെ പാത്രം വാങ്ങിയെന്ന വ്യാജ രേഖകൾ വിജിലൻസ് കണ്ടെത്തി. എന്നാൽ പാത്രങ്ങൾ കണ്ടെത്തിയില്ല. പ്രത്യേക അന്വേഷണസംഘം ഇക്കാര്യവും പരിശോധിക്കും.
അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ തിരിമറി നടന്നുവെന്ന് ഹൈക്കോടതി കണ്ടെത്തൽ. ശബരിമലയിൽ തിരിമറി നടന്നുവെന്നത് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തണം. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
സ്വര്‍ണപ്പാളിയില്‍ നിന്ന് 475 ഗ്രാമോളം നഷ്ടമായി. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണം. എസ്‌ഐടി മറുപടി പറയേണ്ടത് ഹൈക്കോടതിയോടാണെന്നും ഉത്തരവുണ്ട്.