അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം ഓരോ വർഷവും ഏകദേശം രണ്ട് മാസത്തോളം കൊടും ചൂട് അനുഭവിക്കേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർബൺ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളേക്കാൾ, ദരിദ്രരായ ചെറിയ രാഷ്ട്രങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ഒരു പഠനം കണ്ടെത്തി.
കാലാവസ്ഥാ ഗവേഷകരുടെ കൂട്ടായ്മയായ വേൾഡ് വെതർ ആട്രിബ്യൂഷനും, യുഎസ് ആസ്ഥാനമായുള്ള കാലാവസ്ഥാ ഗവേഷക സംഘം ക്ലൈമറ്റ് സെൻട്രലും ചേർന്നാണ് പഠനം നടത്തിയത്. നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഏറ്റവുമധികം ചൂട് അനുഭവിക്കുന്ന ‘സൂപ്പർ ഹോട്ട് ഡേയ്സി’ൻ്റെ എണ്ണം 57 ആകുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ഹരിത ഗൃഹ വാതകങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് 10 വർഷം മുൻപ് ആരംഭിച്ച പാരീസ് കാലാവസ്ഥാ ഉടമ്പടി രാജ്യങ്ങൾ പാലിച്ചുപോരുകയാണെങ്കിൽ ചൂട് കുറയ്ക്കാൻ സാധിക്കുമായിരുന്നെന്ന് പഠനത്തിൽ പറയുന്നുണ്ട്. ചൂട് നിയന്ത്രിക്കാനുള്ള നടപടികൾ, ആഗോളതലത്തിൽ ശരാശരി 57 സൂപ്പർ ഹോട്ട് ഡേയ്സ് കുറയ്ക്കും. പാരീസ് ഉടമ്പടി പാലിച്ച് പോന്നില്ലെങ്കിൽ 114 കൊടും ചൂടുള്ള ദിനങ്ങൾ കൂടി അനുഭവപ്പെടുമായിരുന്നു എന്നും പഠനത്തിൽ പറയുന്നുണ്ട്.
എന്താണ് സൂപ്പർ ഹോട്ട് ഡേയ്സ്?
1991 നും 2020 നും ഇടയിൽ ചൂട് അനുഭവിച്ച ദിനങ്ങളേക്കാൾ 90 ശതമാനത്തിലധികം ചൂട് കൂടുന്ന ദിവസങ്ങളെയാണ് സൂപ്പർ ഹോട്ട് ഡേയ്സ് എന്ന് വിളിക്കുന്നത്. ഇക്കാലയളവിൽ ഓരോ പ്രദേശത്തും ഉണ്ടായ താപനില താരതമ്യപ്പെടുത്തിയാണ് സൂപ്പർ ഹോട്ട് ഡേയ്സ് വിലയിരുത്തുക. 2015ന് ശേഷം ശരാശരി 11 സൂപ്പർ ഹോട്ട് ഡേയ്സ് ആണ് ഉണ്ടായിരിക്കുന്നത്. 2100 ആകുമ്പോഴേക്കും കാർബൺ ഉദ്‌വമനം നിയന്ത്രിക്കാൻ രാജ്യങ്ങൾക്ക് കഴിഞ്ഞെങ്കിൽ പോലും, വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള സമയത്തേക്കാൾ 2.6°C കൂടുതൽ ചൂട് ലോകത്ത് അനുഭവപ്പെടുമെന്നതാണ് വസ്തുത.
അപകടകരമായ സൂപ്പർ ഹോട്ട് ഡേയ്സിൻ്റെ എണ്ണം വർധിക്കുന്നത് എത്ര പേരെ ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നില്ല. എന്നാൽ ഇത് പതിനായിരക്കണക്കിന് അല്ലെങ്കിൽ ദശ ലക്ഷകണക്കിന് ആളുകളെ ബാധിക്കുമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ സഹ-എഴുത്തുകാരിയായ ഫ്രീഡറിക് ഓട്ടോ പറയുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ഉഷ്ണതരംഗങ്ങളിൽ മരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.