പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം നിരസിച്ച് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് തന്നെ അറിയിച്ചെന്നായിരുന്നു ട്രംപിന്റെ വാദം. അത്തരത്തില്‍ ഒരു സംഭാഷണവും ഇതുവരെ നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
‘ഊര്‍ജ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഎസ് ഞങ്ങള്‍ നേരത്തെ തന്നെ പ്രസ്താവന പുറത്തിറക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അത്തരം ഒരു ചര്‍ച്ചയും ടെലിഫോണിലൂടെ നടന്നിട്ടില്ല,’ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദം. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്നാണ് ഈ നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ അസന്തുഷ്ടനായിരുന്നു. അതോടെ, ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി. ഇതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു.