അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി.
ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്ത പുറത്തുവന്നത്.