എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സുരക്ഷാ ഭീഷണി. തോക്കുമായി എത്തിയ ട്രഷറി ഉദ്യോഗസ്ഥന്‍ അജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയുടെ പരിപാടി നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി. എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ പങ്കെടുക്കേണ്ട പരിപാടി ഇതോടെ നിര്‍ത്തിവച്ചു. ആശങ്ക മാറിയതിന് ശേഷം പുന്നീട് പരിപാടി പുനരാരംഭിക്കുകയും ചെയ്തു.
രാവിലെയോടെ പരിപാടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരാള്‍ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയില്‍ ഇത് തെളിഞ്ഞതോടെയാണ് സംഘാടകര്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു.പിടിയിലായ ആള്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഉദയംപേരൂര്‍ വിദ്യാധരന്‍ കൊലക്കേസില്‍ സാക്ഷി പറഞ്ഞ വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇയാളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ലഭിച്ചതെന്നാണ് വിവരം.