കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ നീക്കത്തിനെതിരെ സമസ്ത. സമസ്ത മുഖപത്രം സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് പിഎം ശ്രീ പദ്ധതിക്കെതിരായ വിമർശനം. പദ്ധതി സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നാണ് ലേഖനത്തിലെ വിമർശനം. പിഎം ശ്രീ പദ്ധതിയിലൂടെ കാവി വത്ക്കരണത്തിനാണ് ശ്രമമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.
‘അത്ര ശ്രീയല്ല പിഎം ശ്രീ’ എന്ന തലക്കെട്ടോടെയാണ് വാർത്ത സമസ്തയിൽ പ്രത്യക്ഷപ്പെട്ടത്.പദ്ധതിയിൽ സർക്കാർ ബദൽ മാർഗം തേടണമെന്നാണ് സമസ്തയുടെ ആവശ്യം. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സർക്കാരിന്റെ തിടുക്കം ആപത്ക്കരമാണ്. പദ്ധതി സംസ്ഥാനത്ത് രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കും. പിഎം ശ്രീയെ എതിർക്കുന്ന തമിഴ് നാടിനെ പോലെ ബദൽ മാർഗം തേടണമെന്നും ലേഖനത്തിൽ പറയുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ തന്നെ രണ്ടഭിപ്രായം ഉയർന്നിരുന്നു. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ ഉയര്‍ത്തുന്ന വിയോജിപ്പിനെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനം അംഗീകരിക്കില്ല. സംസ്ഥാനത്തിന്റെ സാഹചര്യമനുസരിച്ച് വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.