ഗുരുശിഷ്യ ബന്ധത്തിൻ്റെ ഉദാത്ത മാതൃകകളായി മാറി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഇൻക്ലൂസീവ് മത്സരവേദി. ജയത്തേക്കാൾ ഉപരി അവർ സ്വപ്നങ്ങളെയാണ് കീഴടക്കുന്നത്. കേരള സ്കൂൾ ഒളിംപിക്സ് സൃഷ്ടിച്ച നവമാതൃകയാണ് ഇക്കൂട്ടത്തിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. ഇൻക്ലൂസീവ് കായികമേളയിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി മത്സരിച്ച പി. മുഹമ്മദ് റിഫൈനും അധ്യാപികയായ സ്പെഷ്യൽ എജ്യുക്കേറ്റർ മിഥില എം. മോഹനും കാണിച്ചുതന്നത് മഹത്തരമായൊരു ആത്മബന്ധമായിരുന്നു.
14 വയസിന് മുകളിലുള്ള കുട്ടികളുടെ സ്റ്റാൻഡിങ് ലോങ് ജംപിൽ താരമായത് 100 ശതമാനവും കാഴ്ചപരിമിതി നേരിടുന്ന റിഫൈൻ ആയിരുന്നു. “രണ്ട് കയ്യും വീശ് മോനെ.. എൻ്റെ നേരെ ചാടിക്കോ…” എന്നുള്ള മിഥില ടീച്ചറുടെ നിർദേശങ്ങൾ ശിരസാവഹിച്ച് നടത്തിയ പ്രകടനത്തിലൂടെ ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത് റിഫൈൻ ആയിരുന്നു. ടീച്ചറിൻ്റെ ശബ്ദം തൻ്റെ ലക്ഷ്യസ്ഥാനമായി കണ്ട് റിഫൈൻ കുതിച്ചു ചാടിയത് 1.9 മീറ്ററിന് അപ്പുറത്തേക്കായിരുന്നു. അഞ്ചാം സ്ഥാനമായിരുന്നു റിസൾട്ട് എങ്കിലും, മിഥില ടീച്ചറുടെയും കാണികളുടെയും മനസിൽ റിഫൈൻ തന്നെയായിരുന്നു വിജയി.
പാലപ്പെട്ടി ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് റിഫൈൻ. ഈ സ്കൂൾ ഉൾപ്പെടുന്ന പൊന്നാനി അർബൻ റിസോഴ്സ് സെൻ്ററിൽ ഭിന്നശേഷി വിദ്യാർഥികളുടെ സ്പെഷ്യൽ എജ്യുക്കേറ്ററായി ആറ് വർഷം മുമ്പാണ് മിഥില മോഹൻ എത്തിയത്. പൂർണമായും കാഴ്ചയില്ലാത്ത മലപ്പുറം ടീമിലെ മുഹമ്മദ് റിഫൈൻ സംസ്ഥാന മീറ്റ് വരെ എത്തിയത് സ്നേഹനിധിയായ മിഥില ടീച്ചറുടെ പിന്തുണ കൊണ്ടാണ്.
മത്സരവേദിയിൽ ഈ ഗുരുശിഷ്യ ബന്ധത്തിലെ ഊഷ്മളതയും, അവരുടെ സ്നേഹവും കാഴ്ചക്കാരുടെയെല്ലാം മനസ് നിറയ്ക്കുന്നതായിരുന്നു. ഊഴമനുസരിച്ച് ചാടാനുള്ള സമയമെത്തുമ്പോൾ മിഥില ടീച്ചറുടെ വിളിയായിരുന്നു മുഹമ്മദ് റിഫൈനിൻ്റെ ലക്ഷ്യം. ചുറ്റിലും പടരുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്ന് റിഫൈൻ പ്രിയപ്പെട്ട ടീച്ചറുടെ ശബ്ദം ഒപ്പിയെടുക്കും. പിന്നെ മനസും ശരീരവും ഏകാഗ്രമാക്കി ടീച്ചറുടെ നിർദേശമനുസരിച്ച് രണ്ട് കയ്യും വീശി മുന്നോട്ടൊരു ചാട്ടം. മുന്നിലെ മണലിൽ വന്ന് വീഴുമ്പോഴേക്കും മാതൃവാത്സല്യത്തോടെ മിഥില ടീച്ചർ ഓടിയെത്തും. ദേഹത്ത് പറ്റിയ മണൽ തട്ടിക്കൊടുത്തും… മുടിയിഴകളിൽ തലോടിയും പറ്റിയ പിഴവ് അവന് വേദനിക്കാതെ പറഞ്ഞു കൊടുക്കും. അടുത്ത അവസരത്തിന് വീണ്ടും ഒരുക്കും.
ഉൾക്കണ്ണിൻ്റെ കാഴ്ചകൊണ്ട് സ്പോട്ട് ലോങ് ജംപിൽ സംസ്ഥാന തലം വരെ എത്താൻ അവൻ ഒഴുക്കിയ വിയർപ്പ് ഓർക്കുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറയും. എൻ്റെ ഒരു വാശിയാണ് ഇവനെ സ്റ്റേറ്റിൽ എത്തിക്കണമെന്ന് മിഥില ടീച്ചർ പറയുമ്പോൾ അകക്കണ്ണിൽ റിഫൈന് ആ കണ്ണീർ കാണാമായിരുന്നു. അപ്പോൾ ടീച്ചറെ ചേർത്തുപിടിച്ച് അവനൊരു മുത്തം നൽകി. ടീച്ചറെ കരയല്ലേ എന്ന് പറഞ്ഞു അവൻ സമാധാനിപ്പിച്ചു.
പൊന്നാനി യുആർസിയുടെ ഭാഗമായാണ് മുഹമ്മദ് റിഫൈനും മിഥില ടീച്ചറും തിരുവനന്തപുരത്ത് എത്തിയത്. സ്പോട്ട് ജംപ് ഇനത്തിൽ മലപ്പുറം ടീമിലെ പൂർണ്ണമായും കാഴ്ചയില്ലാത്ത ഒരേയൊരു അത്‌ലറ്റ് കൂടിയാണ് റിഫൈൻ. ഒന്നാമത് എത്തുന്നവർ മാത്രം ജയിക്കുന്നതാണ് കായികമേളയുടെ ശീലം. എന്നാൽ ഇൻക്ലൂസീവ് വേദിയിൽ എല്ലാവരും ജയിക്കുന്നു.
സ്പോർട്സിൽ മാത്രമല്ല കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട് റിഫൈൻ. സ്വന്തമായി പാട്ടുകൾ ചിട്ടപ്പെടുത്തി പാടുന്നതാണ് റിഫൈനിൻ്റെ വിനോദം. പാട്ടുകളെ സ്നേഹിക്കുന്ന അവൻ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും പതിവ് തെറ്റിക്കാതെ സമ്മാനങ്ങളും നേടാറുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ റിഫൈനിൻ്റെ പാട്ടുകൾക്ക് അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഭാവിയിൽ ഒരു സംഗീത സംവിധായകനാകണം എന്നാണ് അവൻ്റെ ആഗ്രഹം. പാണത്തൂർ പുതുവീട്ടിൽ പരേതനായ മുഹമ്മദിൻ്റെയും ആമിനയുടേയും നാല് മക്കളിൽ ഏറ്റവും ഇളയവനാണ് റിഫൈൻ.