ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ. മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് എസ്‌ഐടി സംഘം പെരുന്നയിലെ വീട്ടിൽ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.
കേസിൽ നിർണായക നീക്കവുമായി എസ്ഐടി. 2024-25 കാലത്തെ മിനുട്സ് രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ഇന്ന് തന്നെ എസ്ഐടിക്ക് മിനുട്സ് രേഖകൾ കൈമാറുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ശിൽപ്പങ്ങൾ ഏൽപ്പിച്ചതിൽ കോടതി അസ്വഭാവികത സംശയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എസ്ഐടിയുടെ നിർണായക നീക്കം.
അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെ മറ്റ് ജീവനക്കാരെയും എസ്ഐടി ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. കൊള്ളയുടെ പ്രധാന ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന ദേവസ്വം ജീവനക്കാരൻ മുരാരി ബാബുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.