ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ പ്രചരണത്തിന് ഔദ്യോഗിക തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപൂരിലായിരുന്നു ആദ്യ റാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രചരണത്തിന് 27 ന് തുടക്കമാകും. പ്രചരണം ശക്തമായതോടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത എൻഡിഎ സഖ്യത്തെ കടന്നാക്രമിക്കുകയാണ് ആർജെഡി നേതാവ് തേജസ്വി യാദവ്.
ബിഹാറിലെ മുൻ മുഖ്യമന്ത്രിയും, സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചരണത്തിന് തുടക്കമായത്. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രിക്കൊപ്പം റാലികളിൽ പങ്കെടുക്കും. ആദ്യഘട്ട പ്രചരണത്തിന് ശേഷം മടങ്ങുന്ന പ്രധാനമന്ത്രി ഒക്ടോബർ 30 ന് വീണ്ടും ബിഹാറിലെത്തും. മുസഫർപുർ, ഛപ്ര മണ്ഡലങ്ങളിലെ റാലിയിൽ മോദി പങ്കെടുക്കും. നവംബർ 2 , 3 തീയതികളിലും മോദി പ്രചരണത്തിനിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഛഡ്ഡ് പൂജയ്ക്ക് ശേഷമാകും ബിഹാർ പ്രചരണത്തിനായി മുതിർന്ന കോൺഗ്രസ് നേതാക്കളെത്തുക. ഒക്ടോബർ 27 ന് പ്രിയങ്ക ഗാന്ധിയും, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബിഹാറിലെത്തും. ആദ്യഘട്ട പ്രചാരണത്തിൽ തേജസ്വിയും രാഹുലും ഒന്നിച്ചുള്ള റാലികളും നടക്കും. ഒക്ടോബർ 28 ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കാനാണ് കോൺഗ്രസ്സ് ആലോചിക്കുന്നത്. നിതീഷ് സർക്കാരിന് കീഴിൽ ദുരിതമനുഭവിക്കുന്ന ബിഹാർ ജനതയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമാകും മാനിഫെസ്റ്റോയെന്ന കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞ മഹാസഖ്യം പ്രചാരണത്തിൽ ഒരുപടി മുന്നിലാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ എൻഡിഎ മുന്നണിയെ തേജസ്വി യാദവ് ഇന്നും കടന്നാക്രമിച്ചു. നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ അമിത് ഷാ അനുവദിക്കില്ലെന്ന് തേജസ്വി ആരോപിച്ചു. നവംബർ ആറിനാണ് ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 121 സീറ്റുകളിലേക്കുള്ള പോളിങാണ് അന്ന് നടക്കുക. നവംബർ 11 നാണ് 122 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടുള്ളത്.



