ഷാർജയിൽ പുതിയ ഗതാഗത നിയമം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ബൈക്കുകൾക്കും ലോറികൾക്കും ബസുകൾക്കും പ്രത്യേക പാതകളാണ് ഉണ്ടാവുക എന്ന് അധികൃതർ അറിയിച്ചു. ഷാർജ പൊലീസ് ഒന്ന് മുതൽ തന്നെ ബൈക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ഗതാഗത പാതകളുടെ ഉപയോഗം നിയന്ത്രണവിധേയമാക്കും.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, മൊബിലിറ്റി ഒപ്റ്റിമൈസ് ചെയ്യുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക, എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് പ്രഖ്യാപിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് പുതിയ നിയമം നടപ്പിലാക്കുക.
വലതുവശത്തെ അറ്റത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസുകൾക്കും മാത്രമായി നീക്കിവച്ചിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. നാലുവരി പാതയിൽ വലതുനിന്ന് മൂന്നാമത്തെയും നാലാമത്തെയും പാത മോട്ടോർ വാഹനങ്ങൾക്ക് ഉപയോഗിക്കാം. മൂന്ന് വരി റോഡുകളിൽ ആണെങ്കിൽ റോഡുകളിൽ, മോട്ടോർ സൈക്കിളുകൾക്ക് മധ്യത്തിലോ വലത് പാതയിലോ സഞ്ചരിക്കാം. അതേസമയം രണ്ട് വരി റോഡുകളിൽ, ഗതാഗത നിയമങ്ങൾ അനുസരിച്ച്, അവ വലത് പാതയിൽ തന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു.
24 മണിക്കൂറും റഡാറുകൾ ഉപയോഗിച്ച് നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തും. നിയുക്ത റൂട്ടുകളും ഗതാഗത നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗതാഗതം നിരീക്ഷിക്കുന്നതിനായി ഷാർജയിലെ വിവിധ തെരുവുകളിൽ സ്മാർട്ട് ക്യാമറ സംവിധാനങ്ങളും സജ്ജമാക്കും. ഫെഡറൽ നിയമം അനുസരിച്ച്, ആർട്ടിക്കിൾ 8 പ്രകാരം ഒരു ഹെവി വാഹനം നിയം ലംഘിച്ചാൽ 1,500 ദിർഹം പിഴയാണ് ശിക്ഷയായി ലഭിക്കുക. ആർട്ടിക്കിൾ 70 പ്രകാരം ഡ്രൈവർമാർ ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിച്ചില്ലെങ്കിൽ 500 ദിർഹം പിഴയും വ്യവസ്ഥ ചെയ്യുന്നു.
എല്ലാ റോഡ് ഉപയോക്താക്കളോടും ഗതാഗത നിയമങ്ങൾ പാലിക്കാനും നിയുക്ത പാതകൾ മാത്രം ഉപയോഗിക്കാനും നിർദേശം നൽകി. ഗതാഗത സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, സുഗമമായ റോഡ് ഗതാഗതം നിലനിർത്തുന്നതിനും, ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള പൊലീസിൻ്റെ പ്രതിബദ്ധതയാണ് ഇത് ഉയർത്തിക്കാട്ടുന്നത്.



