ബിഹാറില്‍ കേട്ട് തുടങ്ങിയതാണ് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണം. ഇത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണ്. നവംബര്‍ നാല് മുതല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങും. കരട് പട്ടികയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് ഘട്ടത്തിലുള്ള അപ്പീലിനും സമ്മതിദായകര്‍ക്ക് അവകാശമുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് എസ് ഐ ആറിന്റെ നീക്കം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
യോഗ്യതയുള്ളവരെയെല്ലാം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. മരിച്ചവരെയും, സ്ഥലംമാറിപ്പോയവരെയും, മറ്റൊരിടത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവരെയും, വോട്ടവകാശം ഇല്ലാത്ത വിദേശീയരേയും ഒക്കെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. നവംബര്‍ നാലിനുശേഷം വോട്ടറെത്തേടി ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
സ്ഥലത്തില്ലെങ്കില്‍ വീഡിയോ കോള്‍ അടക്കം വിളിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. 2002-ലും 2025-ലും വോട്ടര്‍പട്ടികയിലുള്ള എല്ലാവരും എന്യുമറേഷന്‍ ഫോം ഒപ്പിട്ടുനല്‍കണം. 2002-ന് ശേഷം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന 12 രേഖകളില്‍ ഒന്ന് ഹാജരാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ പേയ്മെന്റ് ഉത്തരവ്, സര്‍ക്കാര്‍-തദ്ദേശ അധികൃതര്‍-ബാങ്കുകള്‍- പോസ്റ്റോഫീസുകള്‍- എല്‍ഐസി- പൊതുമേഖലാ ബാങ്കുകള്‍ എന്നിവ 1987ന് മുന്‍പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, സര്‍വകലാശാലകളും ബോര്‍ഡുകളും നല്‍കുന്ന വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ രജിസ്റ്റര്‍ഓഫ് സിറ്റിസണ്‍സ്, സംസ്ഥാനം തയ്യാറാക്കുന്ന ഫാമിലി രജിസ്റ്റര്‍, സര്‍ക്കാര്‍ ഭൂമിയോ വീടോ അനുവദിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയാണ് ആ 12 രേഖകള്‍.
2002-ലെയും 2025-ലെയും വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ പേരുചേര്‍ക്കാന്‍ ഫോറം ആറില്‍ അപേക്ഷിക്കണം. ജനിച്ചത് 1987 ജൂലായ് ഏഴിനുമുന്‍പാണെങ്കില്‍ ജനനത്തീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളില്‍ ഒന്നുനല്‍കണം. 1987 ജൂലായ് ഒന്നിനും 2004 ഡിസംബര്‍ രണ്ടിനുമിടയില്‍ ജനിച്ചവര്‍ ജനനത്തീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളും മാതാപിതാക്കളില്‍ ഒരാളുടെയും രേഖനല്‍കണം. 2004 ഡിസംബര്‍ രണ്ടിനുശേഷം ജനിച്ചവര്‍ സ്വന്തംരേഖയും മാതാപിതാക്കളുടെയും രേഖകളും നല്‍കണം.
ഓണ്‍ലൈനിലും എസ്‌ഐആറിന് അപേക്ഷ നല്‍കാം. നവംബര്‍ നാല് മുതല്‍ ഇത് ലഭ്യമാകും. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി വരും. എന്യുമറേഷന്‍ ഫോറം ഡൗണ്‍ലോഡുചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് അപ്ലോഡ് ചെയ്യണം. അപ്പോള്‍ തന്നെ ബിഎല്‍ഒയുടെ മൊബൈല്‍ ആപ്പിലെത്തും. ബിഎല്‍ഒ അപ്രൂവ് ചെയ്താല്‍ ഇആര്‍ഒയ്ക്കു കിട്ടും. പരാതികള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അല്ലെങ്കില്‍ ഇആര്‍ഒ എന്നിവര്‍ക്ക് നല്‍കണം. ആദ്യത്തെ അപ്പീലില്‍ കളക്ടറാണ് അധികാരി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രണ്ടാം അപ്പീല്‍ പരിഗണിക്കുക.

 
                                    