ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. നാല് ദിവസത്തെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. ശബരിമല കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് എസ്ഐടി ഉടൻ രേഖപ്പെടുത്തുമെന്നും വിവരം ലഭിക്കുന്നുണ്ട്.
ഈ മാസം 23നാണ് സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റേത് കേസിലെ രണ്ടാമത്തെ അറസ്റ്റായിരുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചതിന് പിന്നാലെയായിരുന്നു മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.
സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോധപൂർവമാണെന്നും ഇതിനായി ഒന്നാം പ്രതിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മുരാരി ബാബുവിൻ്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. 2024ല്‍ മുരാരി ബാബു എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നൽകുകയായിരുന്നു.

 
                                    