യുക്രെയിനിലെ പൊക്രോവ്സ്കിന് പിന്നാലെ സപ്പോര്യഷ്യ പ്രവിശ്യയിലെ ഗ്രാമങ്ങളും കീഴടക്കി റഷ്യ. റൈബ്ന ഗ്രാമത്തിലെ നിയന്ത്രണം ഏറ്റെടുത്തെന്ന് റഷ്യൻ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നഗരം കീഴടക്കാന്‍ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയിരുന്നത്. യുക്രെയിന്റെ പ്രതിരോധ ശ്രമങ്ങൾ ഫലം കണ്ടില്ലെന്നും റഷ്യൻ സൈന്യം അറിയിച്ചു.
പ്രൊക്രോവസ്കിന് പിന്നാലെ സപ്പോരിഷ്യ മേഖലയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. തന്ത്രപ്രധാനമായ വെലികെ നോവോസിൽക്കയിൽ നിന്നും 36 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റൈബ്ന ഗ്രാമത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. ഷെല്ലും ഡ്രോണും ഉപയോഗിച്ചുള്ള യുക്രെയിൻ പ്രതിരോധം പരാജയപ്പെട്ടു.
പൊക്രോവ്‌സ്‌ക് പിടിച്ചെടുത്തതോടെ ഖേഴ്‌സണ്‍, സപ്പോരിഷ്യ പ്രവിശ്യകളിലേക്ക് ഉൾപ്പെടെ റഷ്യൻ സൈന്യത്തിന് അനായാസം പ്രവേശിക്കാമെന്ന അവസ്ഥയായി. നിലവിൽ സപ്പോരിഷ്യ പ്രവിശ്യയുടെ അതിർത്തി ഗ്രാമമായ റൈബ്നയാണ്കീഴടക്കിയത്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കൊപ്പം പീരങ്കി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച് കരയിലൂടെയുള്ള മുന്നേറ്റം ശക്തമാക്കാനാണ് റഷ്യയുടെ തീരുമാനം.
ഇതിനായി റഷ്യന്‍ പട്ടാളത്തിനൊപ്പം കൂടുതല്‍ കൂലി പട്ടാളത്തെക്കൂടി മേഖലയിലേക്ക് അയക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ചയുടെ ആവശ്യകത മനസ്സിലാക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടു. യുഎസ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും ലാവ്റോവ് പറഞ്ഞു.



