ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഭരണഘടനാ ബെഞ്ച് ഇന്ന് അഭിപ്രായം അറിയിക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്.
ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരമാണ് രാഷ്ട്രപതി 14 വിഷയങ്ങളില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീം കോടതി സമയം നിശ്ചയിച്ചിരുന്നു. ഇതിന് സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരിക്കുന്നത്.
ഭരണഘടനയുടെ 200, 201 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള വിഷയങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയിരുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിര്‍ണായകമാകും. ഗവര്‍ണര്‍മാരുടെ അധികാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഈ വിധി നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.



