സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. മലയോര മേഖലയിലും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബർ 22 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് തീവ്ര ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യത.
തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളത്. നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്.



