ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിലാണ് തമിഴ്നാട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ ഇതുവരെ മൂന്ന് പേർ മരിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപ്പട്ട്, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60-70 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിറ്റ് വാ ശക്തമായതിനെ തുടർന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാന സർവീസുകളും റദ്ദാക്കിയിരുന്നു. വില്ലുപുരത്ത് എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം, ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിൽ മരണം 334 ആയി.300 ലധികം പേരെ കാണാതായെന്നും റിപ്പോർട്ട്.



