കരൂർ ദുരന്തത്തിൽ ടിവികെ പാർട്ടിക്കും വിജയ്ക്കുമെതിരെ തമിഴ്‌നാട് സർക്കാർ. അശ്രദ്ധ മൂലമുണ്ടായ ദുരന്തമെന്നാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാരിന്റെ ആരോപണം. പരിപാടിക്ക് എത്താൻ വിജയ് മനഃപൂർവം വൈകിയെന്നും കുറ്റപ്പെടുത്തൽ. എല്ലാ സുരക്ഷാക്രമീകരണങ്ങളും പ്രദേശത്ത് ഉറപ്പാക്കിയിരുന്നതായി സംസ്ഥാന സർക്കാർ പറഞ്ഞു. എന്നാൽ തീർത്തും നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിർദേശങ്ങളാണ് ടിവികെ നൽകിയിരുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
ടി.വി.കെ പാർട്ടി സംഘാടകരുടെയും പ്രവർത്തകരുടെയും “അശ്രദ്ധയും ഏകോപനവുമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമാണ് കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് കാരണം. ജനങ്ങൾ അധികം എത്തുന്നത് ഉറപ്പാക്കാൻ വിജയ് നിയുക്ത സ്ഥലത്ത് ഏകദേശം ഏഴ് മണിക്കൂർ മനഃപൂർവം വൈകിപ്പിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വിജയ് ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ ഇത് നേരത്തെ നൽകിയ അനുമതിക്കും ഷെഡ്യൂളിനും നേർവിപരീതമാണ്” സത്യവാങ്മൂലത്തിൽ പറയുന്നു. ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അതേ ദിവസം തന്നെ ഒരു പത്രക്കുറിപ്പിലൂടെ വേദിയിൽ മുന്നറിയിപ്പില്ലാതെ ഒരു പൊതുയോഗം വിളിച്ചുകൂട്ടിയതായും തമിഴ്‌നാട് സർക്കാർ പറഞ്ഞു. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വൻ ജനക്കൂട്ടത്തിനും വാഹനത്തിരക്കിനും കാരണമായെന്നും സർക്കാർ പറയുന്നു. കടുത്ത ചൂടിൽ കാത്തിരിക്കാൻ നിർബന്ധിതരായതും ആളുകളെ ക്ഷീണിതരാക്കി.
41 പേരുടെ മരണത്തിനിയാക്കിയ കരൂർ ദുരന്തത്തിൽ ഒക്ടോബർ 13 ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജിയിൽ സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും കോടതി രൂപീകരിച്ചിരുന്നു.



