ആപ്പിളിന്റെ പുതിയ എഐ വൈസ് പ്രസിഡന്റായി ഇന്ത്യക്കാരന്‍. ബെംഗളൂരുവില്‍ നിന്നുള്ള അമര്‍ സുബ്രഹ്‌മണ്യയെയാണ് തെരഞ്ഞെടുത്തത്. നിലവിലെ മേധാവിയായ ജോണ്‍ ജിയാനാന്‍ഡ്രിയയുടെ പകരക്കാരനായാണ് അമര്‍ എത്തുന്നത്. വിരമിക്കുന്നതു വരെ ജിയാനാന്‍ഡ്രിയ ഉപദേശകനായി തുടരും.
ആപ്പില്‍ സിഇഒ ടിം കുക്ക് ആണ് അമര്‍ സുബ്രഹ്‌മണ്യയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ആപ്പിള്‍ സ്ട്രാജിയുടെ കേന്ദ്ര ബിന്ദുവാണ് എഐ എന്നും അമറിനെ പ്രഖ്യാപിച്ചു കൊണ്ട് ടിം കുക്ക് പറഞ്ഞു.
AI, ML ഗവേഷണങ്ങളിലും ഉല്‍പ്പന്നങ്ങളിലും സവിശേഷതകളിലും അമറിന്റെ ആഴത്തിലുള്ള വൈദഗധ്യം ആപ്പിളിന്റെ നിലവിലുള്ള നവീകരണത്തിനും ഭാവിയിലെ ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ക്കും മുതല്‍കൂട്ടായിരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ആരാണ് അമര്‍ സുബ്രഹ്‌മണ്യ?
ബംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് 2001 ല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദം നേടിയ അമര്‍ തുടര്‍ന്ന് ഐബിഎമ്മില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചു. 2005 ല്‍ വാഷിങ്ണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡിക്കു ചേര്‍ന്നതിനു ശേഷം മൈക്രോസോഫ്റ്റില്‍ ഇന്റേണായി പ്രവേശിച്ചു. പിന്നീട് മൈക്രോസോഫ്റ്റില്‍ വിസിറ്റിങ് റിസര്‍ച്ചറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിഎച്ച്ഡിക്കു ശേഷം ഗൂഗിളില്‍ ഗവേഷകനായി ജോലിയില്‍ പ്രവേശിച്ചു. എട്ട് വര്‍ഷത്തിനു ശേഷം പ്രിന്‍സിപ്പള്‍ എഞ്ചിനീയറായും 2019 ല്‍ എഞ്ചിനീയറിങ് വൈസ് പ്രസിഡന്റായും ഉയര്‍ന്നു. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിനു വേണ്ടി എഞ്ചിനീയറിംഗ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷം ജുലൈ മുതല്‍ മൈക്രോസോഫ്റ്റ് എഐയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായും ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചു.
പ്രധാന എതിരാളികളായ സാംസങ് ഇലക്ട്രോണിക്‌സിനെ അപേക്ഷിച്ച് ഉത്പന്നങ്ങളില്‍ എഐ സവിശേഷതകള്‍ ചേര്‍ക്കുന്നതിലുള്ള ആപ്പിളിന്റെ മന്ദത അമര്‍ സുബ്രഹ്‌മണ്യയുടെ വരവോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ്പിള്‍ ഫൗണ്ടേഷന്‍ മോഡലുകള്‍, ML ഗവേഷണം എന്നിവയുള്‍പ്പെടെ നിര്‍ണായക മേഖലകള്‍ക്ക് സുബ്രഹ്‌മണ്യ നേതൃത്വം നല്‍കും. സോഫ്റ്റ്വെയര്‍ മേധാവി ക്രെയ്ഗ് ഫെഡെറിഗിക്കാണ് അമര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.



