റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പ്രതിരോധം, വ്യാപാരം, ഊര്‍ജ മേഖലകളില്‍ സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് വിവരം. അമേരിക്കയുടെ അധിക താരിഫ് വ്യാപാര മേഖലയില്‍ ആഘാതമുണ്ടാക്കിയ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള സാമ്പത്തിക സഹകരണം ശക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.
ഇന്നലെ വൈകിട്ടോടെ ഡല്‍ഹിയിലെത്തിയെങ്കിലും ഇന്ന് മുതലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ രാജ്ഘട്ടിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തും.
ശേഷം ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ആയുധകരാറില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സുഖോയ് 57 വിമാനങ്ങള്‍, S400 വ്യോമ പ്രതിരോധ സംവിധാനം എന്നിവ ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്ന കരാറിലാണ് ഒപ്പ് വയ്ക്കുക. വൈദ്യുതി ഉല്‍പാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ചെറുകിട ആണവ റിയാക്ട്‌റുകള്‍ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കരാറിലും ധാരണയായേക്കും.
ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. സൈനിക-സാങ്കേതിക സഹകരണത്തില്‍ ഊന്നിയാകും ചര്‍ച്ചകള്‍. തുടര്‍ന്ന് ഭാരത് മണ്ഡപത്തില്‍ വാണിജ്യ- വ്യാപാര പ്രതിനിധികളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ശേഷം രാഷ്ട്രപതി ഭവനിലൊരുക്കുന്ന അത്താഴ വിരുന്നിലും പുടിന്‍ പങ്കെടുക്കും. അമേരിക്കയും ചൈനയും അടക്കം മോദി – പുടിന്‍ കൂടിക്കാഴ്ച ഉറ്റുനോക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഒരേ കാറിലാണ് ഇരുവരും പുടിനായി ഒരുക്കിയ താമസസ്ഥലത്തേക്ക് പോയത്. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.



