യാത്രക്കാരെ വലച്ച വിമാന പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ പീറ്റേഴ്സ് എൽബേഴ്സിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെടും. ഇൻഡിഗോയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് കമ്പനിക്ക് കനത്ത പിഴ ചുമത്താനും ആലോചനയുണ്ട്. ഇൻഡിഗോയുടെ സർവീസുകൾ വെട്ടിക്കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്കുള്ള റീഫണ്ട് ഇന്ന് രാത്രി എട്ട് മണിക്കകം തിരിച്ച് നൽകണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം . എന്നാൽ പ്രതിസന്ധി പൂർണമായും പരിഹരിക്കാത്തതിനാൽ വിമാന സർവീസുകൾ ഇന്നും തടസ്സപ്പെട്ടേക്കും.
രാജ്യത്തെ ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ കുറേ ദിവസങ്ങളോളം തടസപ്പെട്ട രീതിയിലായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രിയാണ് 95 ശതമാനവും സർവീസുകൾ പുനരാരംഭിക്കുന്ന ആശ്വാസ വാർത്തയെത്തിയത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞ ദിവസം ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതോടെ ഡിജിസിഎ നേരത്തെ ഡ്യൂട്ടി പരിഷ്കണ ഉത്തരവ് ഭാഗികമായി പിൻവലിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ ദുരിതത്തിലാക്കിയതിന് പിന്നാലെയാണ് തീരുമാനം. എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഇൻഡിഗോ ഖേദം അറിയിച്ചിരുന്നു. 113 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 700ലധികം വിമാനങ്ങൾ മാത്രമാണ് വെള്ളിയാഴ്ച സർവീസ് നടത്തിയതെന്ന് ഇൻഡിഗോ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പെട്ടെന്നുള്ള നടപടി മൂലം തിരുവനന്തപുരത്തും നെടുമ്പാശേരിയിലും അടക്കം യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. പ്രതിസന്ധിയിൽ കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.



