സമാധാന കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രതിനിധികളുമായുള്ള ചർച്ച ഫലപ്രദമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. യുഎസ് പ്രതിനിധികളോട് ഓൺലൈനായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സെലൻസ്കിയുടെ പ്രതികരണം. സമാധാനം കൈവരിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സെലൻസ്കി അറിയിച്ചു.
ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമായും, സമാധാന ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും, വളരെ ക്രിയാത്മകമായ ഒരു സംഭാഷണം നടത്തിയതായി സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു സാധ്യമായ കരാറിലും റഷ്യ ഉറച്ചുനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് എങ്ങനെയെന്ന് ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനും റഷ്യൻ പൂർണ്ണ തോതിലുള്ള അധിനിവേശ ഭീഷണി ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന നിരവധി കാര്യങ്ങൾ പരിശോധിച്ചു. എന്നാൽ മോസ്കോ ഒരു വിട്ടുവീഴ്ചയും ചെയ്തതായി തോന്നുന്നില്ല, യുക്രെയ്ൻ വൻതോതിലുള്ള ബോംബാക്രമണങ്ങൾ തുടരുകയാണെന്നും സെലൻസ്കി പറഞ്ഞു. സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇന്നലെ സമീപ ദിവസങ്ങളിലെ ഏറ്റവും കനത്ത ആക്രണം യുക്രെയ്ന് നേരെ റഷ്യ നടത്തിയിരുന്നു. 653 ഡ്രോണുകളും 51 മിസൈലുകളുമാണ് യുക്രെയ്നിലേക്ക് തൊടുത്തതെന്നാണ് റിപ്പോർട്ടുകൾ.
സെലെൻസ്‌കിയുമായി സംസാരിച്ചതായും പൂർണ്ണ ഐക്യദാർഢ്യം വാഗ്ദാനം ചെയ്തതായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നു. സംഘർഷം ലഘൂകരിക്കുന്നതിനും വെടിനിർത്തൽ ഏർപ്പെടുത്തുന്നതിനുംഎല്ലാതരത്തിലും മുൻകയ്യെടുത്ത് പ്രവർത്തിക്കാൻ ഫ്രാൻസ് നിശ്ചയിച്ചിരിക്കുന്നുവെന്നും മാക്രോൺ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച ലണ്ടനിൽ നടക്കുന്ന ചർച്ചകളിൽ സെലെൻസ്‌കി, യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരോടൊപ്പം ചേരുമെന്ന് മാക്രോൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു.



