രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ എട്ടരയോടെ അറിയാം. പോളിങ് ശതമാനം കുറവാണെങ്കിലും ശുഭപ്രതീക്ഷയിലാണ് മുന്നണികൾ.
മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമടക്കം 75,643 സ്ഥാനാർഥികൾ ജനവിധി തേടി. 244 കേന്ദ്രങ്ങളിലും 14 കളക്ടറേറ്റുകളിലുമായാണ് നാളെ വോട്ടെണ്ണൽ. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണിലിന്റെ ആദ്യ ഫലസൂചന അരമണിക്കൂറിനുള്ളിൽ അറിയാനാകും.
സ്ഥാനാർഥികളുടെയോ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ. ട്രെൻഡ് സോഫ്റ്റ്‌വെയറിലൂടെ ഫലം തത്സമയം അറിയാം. സംസ്ഥാനത്തെ 2.86 കോടി വോട്ടർമാരിൽ 2.1 കോടി പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. 2020 ലെ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിങ്ങാ ണ് രേഖപ്പെടുത്തിയതെങ്കിലും മുന്നണികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല . രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.69 ശതമാനം ആണ് പോളിങ് . വയനാട് ആണ് ഏറ്റവും കൂടിയ പോളിങ് ശതമാനം . കുറവ് പത്തനംതിട്ടയിലും . കോർപ്പറേഷനുകളിൽ കൂടുതൽ പോളിങ് ശതമാനം കണ്ണൂരിലാണ്.
കണ്ണൂരിലെ 14 ഉം, കാസർഗോട്ടെ രണ്ട് വാർഡുകളിലേക്കും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ഥാനാർഥികൾ മരിച്ചത് മൂലം മൂന്ന് വാർഡുകളിലെ തെരഞ്ഞെടുപ്പ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷമായിരിക്കും നടക്കുക.



