ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു.പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.എസ്ഐടി നിർദേശപ്രകാരമാണ് അളവെടുത്തത്. സീൻ പ്ലാൻ രണ്ട് ദിവസത്തിനകം എസ്ഐടിക്ക് നൽകുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീൻ പ്ലാനാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുക.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ എ പത്മകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മാന്വൽ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുൻ ബോർഡ് അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി.
പാളികൾ പുതുക്കണമെന്ന് ദേവസ്വം ബോർഡിൽ പറഞ്ഞത് എ പത്മകുമാർ എന്നാണ് എൻ വിജയകുമാറിന്റെ മൊഴി. സ്വർണക്കൊള്ളയിൽ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ഡി മണി, സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യും.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.



