വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍. സന്തോഷവും ക്ഷേമവും സമന്വയിപ്പിച്ച് ഭിന്നശേഷിക്കാരില്‍ പുതിയൊരു ആരോഗ്യകരമായ ജീവിതരീതി പരിപോഷിപ്പിച്ചെടുന്ന സ്ഥാപനമായി ഡിഫറന്റ് ആര്‍ട് സെന്ററിനെ വളര്‍ത്തിയെടുക്കുവാനാണ് പ്രോജക്ട് സ്‌മൈല്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 2026 വര്‍ഷം മുഴുവന്‍ ഭിന്നശേഷിക്കാരില്‍ ആത്മസംതൃപ്തിയുണ്ടാക്കുന്ന തരത്തിലുള്ള വിവിധ ഹാപ്പിനെസ് പരിപാടികള്‍ സംഘടിപ്പിക്കും. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന സൂചകങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വര്‍ഷാവസാനം ഒരു പഠനമായി അവതരിപ്പിക്കുകയും ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക് ചെയര്‍മാനും സ്ഥാപകനുമായ ഡോ.എം.വി പിള്ള നിര്‍വഹിച്ചു. ഒഴിഞ്ഞപാത്രത്തില്‍ ടിയര്‍ ഇമോജി പേപ്പര്‍ കത്തിച്ചശേഷം സ്‌മൈലി ബോളുകള്‍ പ്രത്യക്ഷപ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ സ്‌മൈലി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മഞ്ഞബലൂണുകള്‍ പറത്തിയും പദ്ധതിയെ സ്വാഗതം ചെയ്തു. അവഗണിക്കപ്പെട്ടുകിടന്ന ഒരു സമൂഹം തങ്ങളുടെ കഴിവുകള്‍ കൊണ്ട് സമൂഹത്തില്‍ അറിയപ്പെടുന്ന വിധം മാറിവരുന്നത് മുന്നേറ്റത്തിന്റെ ലക്ഷണമാണെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഇത്തരത്തിലേയ്ക്ക് മാറുവാന്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എത്രമാത്രം അഭിനന്ദിച്ചാലും മതിവരില്ലെന്നും പുതുവര്‍ഷദിനത്തില്‍ തന്നെ സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ചു. സെന്ററിലെ ഹരിഗോവിന്ദ് അഭിനയിച്ച ടെലിഫിലിമിന്റെ ആദ്യ പോസ്റ്റര്‍ ചലച്ചിത്രതാരം സുധീര്‍ സുകുമാരന്‍ പ്രകാശനം ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, സി.എഫ്.ഒ അശ്വതി നിഷാന്ത്, മാജിക് പ്ലാനറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.



