കുടമാറ്റത്തിന്റെ വൈവിധ്യങ്ങളില്‍ ആര്‍പ്പുവിളി ഉയരുന്ന തേക്കിന്‍കാട് മൈതാനം. അവിടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടി ഉയരുമ്പോള്‍ കൊടിമരത്തിലുമുണ്ട് നിരവധി പ്രത്യേകതകള്‍. തൃശൂര്‍ സ്വദേശി യദു കൃഷ്ണനാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. എണ്ണമില്ലാത്തത്രയും പൂരങ്ങള്‍ കൊടിയേറിയ മണ്ണിലാണ് 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടി ഉയരുന്നത്.
തെക്കേ ഗോപുര നട തുറന്നെഴുന്നള്ളുന്ന പ്രൗഢിയില്‍, കുടമാറ്റത്തിന്റെ വൈവിധ്യങ്ങളോടെ, പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചുയര്‍ത്തുന്നതു പോലുള്ള സര്‍പ്രൈസുകളുമായാണ് ഈ കലോത്സവത്തിന്റെ കൊടിമരവും ഒരുങ്ങിയത്.
കലയുടെ സകല പ്രതീകങ്ങളുമുണ്ട് ഈ കൊടിമരത്തില്‍. വടക്കുംനാഥന്റെ മണ്ണിലായതിനാല്‍ നെറ്റിപ്പട്ടത്തിന്റെ പകിട്ടുള്ളൊരു കൊമ്പനില്ലാതെ തരമില്ല. പെയിന്റിംഗ് ബ്രഷ്, പാലറ്റ്, ചിലങ്ക മണികള്‍ തുടങ്ങി കലയുടെ രൂപങ്ങള്‍ പലത് ചേര്‍ന്നാണ് ഈ പെരിയ കൊടിമരം. എല്ലാം ചേര്‍ന്നാല്‍ അത് 64 എന്നും വായിച്ചെടുക്കാം.
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ ഇരിങ്ങാലക്കുട സ്വദേശി യദു കൃഷ്ണനാണ് കൊടിമരം നിര്‍മിച്ചത്. കലോത്സവം തുടങ്ങും മുന്‍പേ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു ഈ കൊടിമരം. നിരവധിപ്പേരാണ് ഇവിടെ ഫോട്ടോകള്‍ പകര്‍ത്താന്‍ എത്തുന്നത്.


